രാഷ്ട്രീയമായി നേരിടും; പിന്നെ അതുപറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എതിരെ എ കെ ബാലന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 07:47 PM  |  

Last Updated: 16th March 2021 07:47 PM  |   A+A-   |  

minister a k balan

എ കെ ബാലൻ /ഫയൽ ചിത്രം


 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എതിരെ മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും. പിന്നെ അതു പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. വാളയാര്‍ അമ്മയ്ക്ക് തല മുണ്ഡനം ചെയ്ത് ഉദ്ലാടനം ചെയ്തത് ലതികാ സുഭാഷുമാണ്. അവരിപ്പോള്‍ കോണ്‍ഗ്രസ്സിലില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി തങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് തങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പ്രസ്്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ധര്‍മടത്ത് മത്സരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.