യുഡിഎഫ് ഭരണം ഉറപ്പ്; നേമത്ത് മുരളീധരന്‍ വന്‍ വിജയം നേടും; എകെ ആന്റണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 04:43 PM  |  

Last Updated: 17th March 2021 04:43 PM  |   A+A-   |  

ak_antony

ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ എകെ ആന്റണി/ ടെലിവിഷന്‍ ചിത്രം

 

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മുന്‍കാല തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് നേടും. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും ആന്റണി പറഞ്ഞു.ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. 

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം അടഞ്ഞ അധ്യായമാണ്. ഇനിയുള്ള ചര്‍ച്ചകള്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണെന്നും ആന്റണി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനാവശ്യമായി ഹൈക്കമാന്റ് ഇടപെട്ടില്ല. കേരളത്തില്‍ നിന്നെത്തിയ ലിസ്റ്റ് അംഗീകരിക്കുകയാണ് ചെയ്തത്. സ്ഥാനാര്‍ഥിത്വം കിട്ടാതെ മുറിവേറ്റവരുടെ പ്രയാസം മനസിലാക്കുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ആന്റണി പറഞ്ഞു. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കലാപമുണ്ടായത് സിപിഎമ്മിലാണ്. കോണ്‍ഗ്രസ് പണ്ടും അഭിപ്രായസ്വാതന്ത്യം അനുവദിച്ച പാര്‍ട്ടിയാണെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും അധികാരത്തിലെത്തിയാല്‍ മാത്രമെ സംസ്ഥാനത്ത് സമൂദായികസൗഹാര്‍ദം നിലനില്‍ക്കുകയുള്ളു. നേമത്ത് കെ മുരളീധരന്‍ മികച്ച വിജയം നേടും. കണ്ണൂരില്‍ രണ്ട് സീറ്റുകൂടി അധികം പിടിച്ച് ജില്ലയില്‍ 5 സീറ്റുകള്‍ നേടുമെന്നാണ് തന്നോട് കെ സുധാകരന്‍ പറഞ്ഞതെന്നും ആന്റണി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍  സത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നത് മാത്രമാണ് പോരായ്മയെന്നും ആന്‍ണി പറഞ്ഞു.