രണ്ട് ഡോസ് കോവിഡ് വാക്‌സിനും മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കി; ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതിയുമായി വീട്ടമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 07:20 AM  |  

Last Updated: 17th March 2021 07:20 AM  |   A+A-   |  

COVID VACCINE

പ്രതീകാത്മക ചിത്രം


കോഴിക്കോട്: മിനിറ്റുകൾക്കുള്ളിൽ രണ്ട് ഡോസ് കോവിഡ് വാക്സിനും കുത്തിവെച്ചെന്ന പരാതിയുമായി കോഴിക്കോട് കെട്ടാങ്ങൽ സ്വദേശിനി. ഇതോടെ കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി. സംഭവത്തിൽ ഇവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. 

കളന്തോട് കോഴിശേരികുന്നുമ്മൽ പ്രസീതയ്ക്കാണ് രണ്ട് ഡോസ് കോവിഡ് വാക്സീൻ മിനിറ്റുകൾക്കുള്ളിൽ നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ കോവിഡ് വാക്സിൻ എടുക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിയത്. ഇവിടെ വെച്ച് ഒരു ഡോസ് വാക്സീൻ എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചതായാണ് പരാതി. 

ആശുപത്രിയിലെ നഴ്സിന് അബദ്ധം പറ്റിയതാണെന്നാണ്  പ്രസീത പറയുന്നു.കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. തുടർന്ന് ഉടൻ ചികിത്സ തേടാൻ നിർദേശിക്കുകയായിരുന്നു.