അ‍ഞ്ച് രൂപയുടെ സ്റ്റാംപ് പതിച്ച വെള്ള കാലി കവർ, വന്നത് അമ്പതോളം പേർക്ക്, ആശങ്ക; അവസാനം 'ദുരൂഹത' നീങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 07:37 AM  |  

Last Updated: 17th March 2021 07:37 AM  |   A+A-   |  

envelop

പ്രതീകാത്മക ചിത്രം

 

കണ്ണൂർ; അമ്പതോളം പേർക്ക് തപാലിലൂടെ ഒഴിഞ്ഞ കവർ വന്നു. അഡ്രസും സ്റ്റാംപുമെല്ലാം ഒട്ടിച്ചെത്തിയ കവർ തുറന്ന രീതിയിലായിരുന്നു. കൂടുതൽ പേർക്ക് കിട്ടാൻ തുടങ്ങിയതോടെ പ്രദേശത്തുള്ളവർ ആശങ്കയിലായി. എന്നാൽ അധികം വൈകാതെ നി​ഗൂഢത പുറത്തുവന്നു. കത്ത് പോസ്റ്റ് ചെയ്തയാൾക്ക് പറ്റിയ അബദ്ധമായിരുന്നു അത്. 

താഴെചൊവ്വ പോസ്റ്റ് ഓഫിസിനു കീഴിലെ താഴെചൊവ്വ, എളയാവൂർ സൗത്ത് എന്നിവിടങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇന്നലെ അ‍ഞ്ച് രൂപയുടെ സ്റ്റാംപ് പതിച്ച വെള്ള കവർ ലഭിച്ചത്. കത്ത് കിട്ടിയ ഉടനെ തുറന്ന് നോക്കിയ ഒരു വീട്ടുകാരൻ ഇതിനുള്ളിൽ ഒന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്മാൻ ശ്രദ്ധിച്ചത്. അയക്കുന്ന ആളിന്റെ മേൽ വിലാസമില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പോസ്റ്റ് ഓഫിസിലാണ് പോസ്റ്റ് ചെയ്തിരുന്നത്. എല്ലാ വീടുകളിലും പോസ്റ്റുമായി കത്ത് നൽകി. അവിടെ നിന്നെല്ലാം ഒഴിഞ്ഞ കവറാണെന്ന മറുപടിയാണ് ലഭിച്ചത്. 

തപാൽ ഉരുപ്പടികൾ വിതരണം ചെയ്ത് പോസ്റ്റ്മാൻ താഴെ ചൊവ്വ പോസ്റ്റ് ഓഫിസിൽ എത്തുമ്പോഴേക്കും പ്രസ്തുത കത്ത് അയച്ച ആൾ അവിടെ എത്തിയിരുന്നത്രേ. ഉള്ളടക്കം രേഖപ്പെടുത്തിയ കടലാസ് കവറിൽ ഇടാൻ വിട്ടു പോയതാണെന്നായിരുന്നു മറുപടി. ഇയാൾ ക്ഷമാപണവും നടത്തിയതായി അധികൃതർ പറഞ്ഞു.