പിണറായിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു; ഹൈക്കമാന്റ് പറയട്ടെയെന്ന് സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 08:20 PM  |  

Last Updated: 17th March 2021 08:20 PM  |   A+A-   |  

pinarayi_sudhakaran

കെ സുധാകരന്‍ - പിണറായി വിജയന്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌

 


കണ്ണൂര്‍: ഹൈക്കമാന്റ്  ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. പ്രാദേശിക നേതാക്കാള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചതായും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ധര്‍മ്മടം മണ്ഡലം ഒഴികെയുള്ള സ്ഥാനാര്‍ഥികളെയെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നലെയാണ് ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനൊപ്പം ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നാളെയെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

നേരത്തെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മണ്ഡലത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആ തീരുമാനത്തില്‍ മാറ്റമുണ്ടായത്. പിണറായിക്കെതിരെ കണ്ണൂരിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയാല്‍ മത്സരം മുറുകുമെന്നാണ് വിലയിരുത്തല്‍.