വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസുകാര്‍; ചെന്നിത്തലയെ വെട്ടിലാക്കി കുമാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 05:19 PM  |  

Last Updated: 17th March 2021 05:19 PM  |   A+A-   |  

ramesh_chennithala

രമേശ് ചെന്നിത്തല‌

 

കാസര്‍കോട്: കള്ളവോട്ട് ആരോപണത്തില്‍ സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്താണ് ഈ തട്ടിപ്പ് കണ്ടുപിടിച്ചതെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. 

എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

'ഞങ്ങള്‍ അറിഞ്ഞല്ല ലിസ്റ്റില്‍ ഒന്നിലധികം തവണ പേര് വന്നത്. ഞങ്ങളാരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതല്‍ തവണ പേര് ലിസ്റ്റില്‍ വന്നത്. അതിന് തങ്ങള്‍ എന്ത് പിഴച്ചു. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ്' കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വര്‍ഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായം നല്‍കിയത്. ഒരു വോട്ടര്‍ഐഡി മാത്രമാണ് അവര്‍ക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കൈമലര്‍ത്തുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും.