കോട്ടയവും ആലപ്പുഴയും പൊള്ളുന്നു, മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ എത്തുന്നതോടെ ചൂട് കുറയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 09:03 AM  |  

Last Updated: 17th March 2021 09:03 AM  |   A+A-   |  

Warming in the state, prone to sunburn and dehydration

പ്രതീകാത്മക ചിത്രം


ആലപ്പുഴ: കടുത്ത വേനലിലേക്കു സംസ്ഥാനം നീങ്ങുമ്പോൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂട് കൂടുന്നു. ശരാശരിയെക്കാൾ അധിക ചൂടാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ രണ്ടിടത്തും. 

34.4 ഡിഗ്രി സെൽഷ്യസ് ആണ് സംസ്ഥാനത്തെ ശരാശരി ചൂട്. എന്നാൽ 38.4 ആണ് കോട്ടയം ജില്ലയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇവിടെ ഉണ്ടായത് നാല് ഡിഗ്രിയുടെ വർധന. ആലപ്പുഴയിൽ 36.8 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണമായി ഈ സമയത്ത്‌ പുനലൂർ (ശരാശരി 36.5), പാലക്കാട് (36.2) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. എന്നാൽ, ഈ വർഷം പുനലൂരിൽ പതിവുപോലെയും പാലക്കാട്ട് ഒരു ഡിഗ്രി കുറവുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 20-നുശേഷം നിലവിലുള്ള അവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ കേരളതീരത്തേക്കു വരുന്നതോടെ മഴ ലഭിക്കാനുള്ള സാധ്യത കൂടും. മേഘങ്ങൾ ഭൂമധ്യരേഖാപ്രദേശത്തിന് ചുറ്റും കിഴക്കുദിശയിൽ സഞ്ചരിക്കുന്നതാണ് മാഡൻ ജൂലിയൻ ഓസിലേഷൻ എന്നറിയപ്പെടുന്നത്. 

ഇതെത്തുന്ന സ്ഥലങ്ങളിലെ സാഹചര്യമനുസരിച്ച്‌ മഴയും ന്യൂനമർദങ്ങളും ചുഴലിക്കാറ്റും രൂപപ്പെടാൻ അനുകൂലസാഹചര്യം ഉണ്ടാകും. ഈർപ്പമുള്ള അവസ്ഥകളിൽ ഇത്‌ ശക്തിപ്രാപിക്കുമെന്നിരിക്കെ, ഈ മാസം 20-നുശേഷം കേരളത്തിലേക്ക്‌ പ്രവേശിക്കും. ഇതോടെ ഇരുജില്ലകളിലെയും ചൂടിനു ശമനമുണ്ടാകുമെന്നു കാലാവസ്ഥാനിരീക്ഷകർ വ്യക്തമാക്കുന്നു.