കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷ നടത്തി; ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2021 10:33 PM |
Last Updated: 17th March 2021 10:33 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകളിൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സിബിഎസ്ഇ പ്രാദേശിക ഓഫിസർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ, അംഗങ്ങളായ കെ നസീർ, ബി ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് ഉത്തരവിട്ടു.
സിബിഎസ്ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്കൂളുകൾ കുട്ടികളെ വിളിച്ചുവരുത്തി ഒമ്പത്, പതിനൊന്ന്
ക്ലാസുകളിലെ പരീക്ഷകൾ നടത്തിയെന്ന രക്ഷാകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പ്രശ്നത്തിൽ ഇടപെട്ടത്.
ഒമ്പതാം ക്ലാസിൽ പൊതുപരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സിബിഎസ്ഇയുടെ നിബന്ധനകൾക്ക് നിരക്കാത്ത നടപടിയാണ്. അതിനാൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്ലൈനിൽ എഴുതിക്കാൻ സ്കൂളുകളെ അനുവദിക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.