രാത്രി പന്ത്രണ്ടുമണിക്ക് ഉമ്മന്‍ചാണ്ടി കാണാനെത്തി; പതിനഞ്ചു മിനിറ്റില്‍ പ്രശ്‌നപരിഹാരം, പ്രചാരണത്തിന് ഇറങ്ങുമെന്ന് ഗോപിനാഥ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 10:22 AM  |  

Last Updated: 17th March 2021 10:24 AM  |   A+A-   |  

oommen_chandy-av_gopinath

ഉമ്മന്‍ചാണ്ടി, എ വി ഗോപിനാഥ്/ ഫയല്‍ ചിത്രം

 

പാലക്കാട്: കോണ്‍ഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിര്‍ത്തി ഉമ്മന്‍ചാണ്ടി. വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച അര്‍ധരാത്രി ചര്‍ച്ച നടത്തി. പതിനഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ താന്‍ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ് പ്രതികരിച്ചു. തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാത്രി ഏഴോടെ കോട്ടയത്ത് നിന്ന് പുറപ്പെട്ട ഉമ്മന്‍ചാണ്ടി പന്ത്രണ്ടുമണിക്കാണ് പെരിങ്ങോട്ട് കുറിശ്ശിയില്‍ എത്തിയത്. ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുന്‍പ്, രമേശ് ചെന്നിത്തലയും ഗോപിനാഥിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കെ സുധാകരനും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒന്നരമാസം മുന്‍പ്, ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാത്ത സാഹചര്യത്തില്‍, സ്ഥാനം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.