പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു ; ലയനം ശക്തി പകരുമെന്ന് ഉമ്മന്‍ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 05:24 PM  |  

Last Updated: 17th March 2021 05:24 PM  |   A+A-   |  

pc thomas

കേരള കോണ്‍ഗ്രസ് ലയനസമ്മേളനത്തില്‍ നിന്ന് / ടെലിവിഷന്‍ ചിത്രം

 

കോട്ടയം: കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു. പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കടുത്തുരുത്തിയില്‍ നടന്ന ലയന സമ്മേളനത്തില്‍ പി സി തോമസ് വ്യക്തമാക്കി. പിജെ ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകും. പി സി തോമസാണ് ഡെപ്യൂട്ടി ചെയര്‍മാന്‍. മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനാകും. 

ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കണ്‍വന്‍ഷന്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പിസി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജോസ് കെ മാണിയുമായുള്ള കേസില്‍, രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും പി ജെ ജോസഫിന്റെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സാധ്യമല്ലാതെ വന്നതോടെയാണ് പിസി തോമസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എന്ന പേരാണ് പിസി തോമസ് വിഭാഗത്തിന്റേത്.  ഈ പേരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും ഉണ്ട്. 

രജിസ്‌ട്രേഷനും ചിഹ്നവും ഇല്ലാതിരുന്ന ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ ചിഹ്നത്തില്‍ മത്സരിക്കാനാകില്ലായിരുന്നു. പാര്‍ട്ടിക്ക് അംഗീകാരം ഇല്ലാത്തതിനാല്‍ ജയിച്ചു വരുന്ന ജോസഫ് വിഭാഗം എംഎല്‍എമാര്‍ സ്വതന്ത്രരായി പരിഗണിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. ഇവര്‍ക്ക് വിപ്പും കൂറുമാറ്റനിയമവും ബാധകമല്ലാതാകുന്നത് യുഡിഎഫിനെയും വെട്ടിലാക്കിയിരുന്നു. അര്‍ഹമായ പരിഗണന കിട്ടാതിരുന്നതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ സഖ്യം വിടുകയായിരുന്നു.