പന്തു കളിക്കുന്ന കുട്ടികളെ കണ്ട് കാട്ടുപന്നി വിരണ്ടോടി, ചെന്നു വീണത് പൊട്ടക്കിണറ്റിൽ, നാലു മണിക്കൂറിന് ശേഷം രക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 08:39 AM  |  

Last Updated: 17th March 2021 08:39 AM  |   A+A-   |  

wild boar ran away when he saw the children playing

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട; നാട്ടിലിറങ്ങിയ കാട്ടുപന്നി കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കണ്ട് വിരണ്ടോടി. ഓടുന്നതിനിടെ പൊട്ടക്കിണറ്റിൽ വീണുപോയ പന്നി വനപാലകരെത്തി രക്ഷിച്ചു. പത്തനംതിട്ട മൈലപ്ര കണ്ണമ്പാറ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവമുണ്ടായത്. 

പകൽ സമയത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നി  കുട്ടികൾ പന്തുകളിക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പന്നിയെ കണ്ട് കുട്ടികൾ ഭയന്നോടി. ഇത് കണ്ട് പന്നിയും വിരണ്ടോടുകയായിരുന്നു. അടുത്ത പുരയിടത്തിലൂടെ ഓടുന്നതിന് ഇടയിലാണ് പതാലിമുരുപ്പേൽ ശാന്തയുടെ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ വീണത്. 

മുൻ പഞ്ചായത്ത് അംഗം  കെ. വി. രതീഷ് കുമാർ  കോന്നി ഡിഎഫ്ഒ ഓഫിസിൽ വിവരം അറിയിച്ചു. വൈകിട്ട് 4 മണിയോടെ കോന്നിയിൽ നിന്ന് വനപാലകർ എത്തി.  സംഭവം അറിഞ്ഞ് പഞ്ചായത്ത് അംഗം കെ. എസ്. പ്രതാപനും ഒട്ടേറെ കാഴ്ചക്കാരും എത്തി. ഒരു മണിക്കൂറോളം നീണ്ട  പരിശ്രമത്തിനു ശേഷം വലയിൽ കുടുക്കി പന്നിയെ കരയിൽ എത്തിച്ചു. ഈ ഭാഗത്ത് കാടുപിടിച്ചുകിടക്കുന്ന ഭൂമികൾ ധാരാളമുണ്ട്. അവിടമാണ് പന്നികളുടെ താവളം.