വെള്ളിയാഴ്ച മുതല്‍ ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങും ; മുഖ്യമന്ത്രിക്കൊപ്പം കോങ്ങാട് വേദി പങ്കിടുമെന്ന് പിസി ചാക്കോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 11:59 AM  |  

Last Updated: 17th March 2021 11:59 AM  |   A+A-   |  

pc chacko

പി സി ചാക്കോയുടെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം

 


ന്യൂഡല്‍ഹി : വെള്ളിയാഴ്ച മുതല്‍ ഇടതുമുന്നണിക്കായി പ്രചാരണ രംഗത്ത് ഇറങ്ങുമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കോങ്ങാട് വേദി പങ്കിടുമെന്നും ചാക്കോ പറഞ്ഞു. വളരെ അപകടകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ് തകരുന്ന പളുങ്കുപാത്രം പോലെയാണെന്ന് പി സി ചാക്കോ പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടിയും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മല്‍സരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ഫിഫ്റ്റി-ഫിഫ്റ്റി സിറ്റുവേഷനായിരുന്നു. യുഡിഎഫിന് വേണമെങ്കില്‍ നല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിജയസാധ്യത ഉണ്ടായിരുന്നു. 

എന്നാല്‍ ഇന്ന് അതെല്ലാം പൂര്‍ണമായി മങ്ങിയിരിക്കുകയാണ്. തുടര്‍ഭരണം കേരളത്തില്‍ സാധാരണഗതിയില്‍ അസാധ്യമായ കാര്യമാണ്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് പി സി ചാക്കോ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളൊക്കെ പരിഹരിച്ച് മെച്ചപ്പെട്ട ഫീല്‍ഡ് വര്‍ക്ക് നടത്താന്‍ ഇടതുപക്ഷത്തിന് കഴിയുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചതായും പി സി ചാക്കോ അറിയിച്ചു.