അശ്വതി കാവുതീണ്ടലിനിടെ ശ്രീകുരുംബക്കാവിൽ കോഴിവെട്ട്; തടയാൻ ശ്രമിച്ച എഎസ്‌ഐക്കു വെട്ടേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 10:01 AM  |  

Last Updated: 18th March 2021 10:01 AM  |   A+A-   |  

sreekurumbakavu

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണിയാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന അശ്വതി കാവുതീണ്ടലില്‍നിന്ന്/എ സനേഷ്

 

കൊടുങ്ങല്ലൂർ; ശ്രീകുരുംബക്കാവിൽ കോഴിവെട്ട് തടയാൻ ശ്രമിച്ച എഎസ്ഐക്ക് വെട്ടേറ്റു. അശ്വതി കാവുതീണ്ടൽ ദിവസം രാവിലെ വടക്കേനടയിൽ എത്തിയ ഒൻപതം​ഗ സംഘമാണ് കോഴിയെ വെട്ടിയത്. സംഭവം കണ്ട് ഓടിയെത്തി ഇവരെ പിടികൂടുന്നതിനിടയിലാണ് കയ്പമം​ഗലം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റോയ് എബ്രഹാമിന് കയ്യിൽ മുറിവേൽക്കുകയായിരുന്നു. 

ഉടനെ അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ചു. മുറിവ് ​ഗുരുതരമല്ലെങ്കിലും രണ്ട് തുന്നലിടേണ്ടിവന്നു. കോഴിവെട്ടിയ സംഘത്തിലുണ്ടായവരെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. മലപ്പുറം കീഴാറ്റൂർ ആദിമാർ​ഗി മഹാചണ്ഡാളബാബ മമലബാറി മാതൃകുല ധർമരക്ഷാ ആശ്രമവുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത്. 

ഏലംകുളം പടുവൻതൊടി ബിജു(36), വൈക്കത്തൂർ വളാഞ്ചേരി കതിരക്കുന്ന് പറമ്പിൽ ​ഗിരീഷ് (36) മലപ്പുറം പെരുങ്ങോട്ടുകുലം കുറുന്തല ശ്രീജേഷ് (26), വടകര വാക്കയിൽ ചള്ളിയിൽ കരുൺദാസ് (28), തിരൂരങ്ങാടി പന്തിരങ്ങാട് കണ്ണാടിതടത്തിൽ സുഭാഷ്(35), കോഴൂർ പഴമള്ളൂർ കുറുന്തല അനിൽ കുമാർ (40), കണ്ണൂർ വെള്ളാട് മണക്കടവ് രാജേഷ് (37), കോട്ടൂർ പെരുങ്ങോട്ടുകുലം കുറുന്തല രഞ്ജിത്ത്(31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അതേസമയം ചൊവ്വാഴ്ച രാവിലേയും ക്ഷേത്രത്തിൽ കോഴിവെട്ട് നടന്നു. സംഭവത്തിൽ നാലം​ഗസംഘത്തെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.