ശബരിമലയില്‍ ഇനി കൂടിയാലോചിച്ച് മാത്രം നടപടി : പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 10:57 AM  |  

Last Updated: 18th March 2021 11:10 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം

 

മലപ്പുറം : ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയെപ്പറ്റി വലിയ താല്‍പ്പര്യം പലയാളുകള്‍ക്കും വന്നിട്ടുണ്ട്. അതിന്റെ ഉദ്ദേശം വ്യക്തമാണ്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല കാര്യമായി ഏശിയില്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയാണ് നിലപാട് എടുത്തത്. 

ഇപ്പോള്‍ കോടതി വിഷയത്തില്‍ അവസാന വിധിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. കേസിന്റെ വിധി വരുമ്പോഴാണ് ഇനി പ്രശ്‌നം വരിക. ഇപ്പോള്‍ ശബരിമല കൃത്യമായി നടക്കുകയല്ലേ. എല്ലാ മാസത്തിലെ പൂജകളും പ്രത്യേക ചടങ്ങുകളും കുഴപ്പമില്ലാതെ നടന്നുപോകുന്നുണ്ട്. സുപ്രീംകോടതിയുടെ വിധി സാധാരണരീതിയില്‍ പ്രതീക്ഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണെങ്കില്‍ നമ്മുടെ നാട്ടില്‍ മറ്റു തരത്തിലുള്ള പ്രതികരണമുണ്ടാകുന്നതോ, വിശ്വാസികളെ സംബന്ധിച്ച് പ്രത്യേക അഭിപ്രായങ്ങള്‍ ഉണ്ടാകത്തക്ക വിധി ആണെങ്കില്‍ ആ സന്ദര്‍ഭത്തില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്തു മാത്രമേ അതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഓരോ പാര്‍ട്ടിക്കും പാര്‍ട്ടിയുടേതായ നിലപാട് വേണം. അത് സംശുദ്ധമായിരിക്കണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ നാലു വോട്ടിന് വേണ്ടി അവസരവാദപരമായ നീക്കങ്ങള്‍ നടത്താന്‍ പാടില്ല. എന്തേ ഇപ്പോള്‍ മലമ്പുഴയില്‍ ആര്‍ക്കും അറിയാത്ത ഒരു പാര്‍ട്ടി വന്നല്ലോ. നിങ്ങള്‍ ആ പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?. എങ്ങനെ ആ പാര്‍ട്ടി യുഡിഎഫിലെത്തി, എങ്ങനെ അവര്‍ക്ക് സീറ്റ് ലഭിച്ചു ?. എന്താ അതിന്റെ ഉദ്ദേശം. നേമം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കാന്‍ നോക്കുകയാണ്. 

എല്‍ഡിഎഫിന് ഇത്തരത്തില്‍ അവസരവാദപരമായ ഒരു നിലപാടിന്റെയും ആവശ്യമില്ല. ഞങ്ങളുടെ ചരിത്രം എല്ലാവര്‍ക്കും അറിയാം. വര്‍ഗീയ ശക്തികളുമായുള്ള ഒരു കൂട്ടുകെട്ടിനും ഇടതുപക്ഷം ഇല്ല. സംസ്ഥാനത്ത് യുഡിഎഫ്- ബിജെപി ധാരണ ശക്തമാണ്. കോ-ലീ-ബീ സഖ്യത്തെക്കുറിച്ച് ഒ രാജഗോപാല്‍ തന്നെ പറഞ്ഞിട്ടില്ലേ. 35 സീറ്റുകിട്ടിയാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷം അനാവശ്യമായി ബഹളം വെക്കുകയാണ്. എവിടെ വികസനം എന്ന ചോദ്യം ഈ നിരാശയില്‍ നിന്നാണ്. വികസനത്തില്‍ ഇടതുമുന്നണിക്ക് വലിയ ജനപിന്തുണ നേടാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമ്പദ്ഘടനയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുകയും, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുകയും പ്രധാനമാണ്. പക്ഷെ ഇതു മാത്രമല്ല വേണ്ടത്. സമ്പത്തിന്റെ വിതരണത്തില്‍ വലിയ അസമത്വമാണ് നിലനില്‍ക്കുന്നത്. അസമത്വം ലഘൂകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.