നഷ്ടപരിഹാര തുക നല്‍കിയില്ല; കളക്ടറേറ്റിലെ ഫര്‍ണിച്ചറുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്ക് | Published: 18th March 2021 07:19 AM |
Last Updated: 18th March 2021 07:19 AM | A+A A- |

ഫയല്‍ ചിത്രം
മഞ്ചേരി: സ്ഥലം ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്. കവണക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് മലപ്പുറം കലക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാക്കാൻ ഉത്തരവിട്ടത്.
30 സ്റ്റീൽ അലമാരകൾ, റാക്കുകൾ, കസേരകൾ, മേശകൾ എന്നിവ ഹാജരാക്കാനാണ് മഞ്ചേരി സബ് കോടതി ജഡ്ജി എം പി ഷൈജലിന്റെ ഉത്തരവ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലമേറ്റെടുത്തിരുന്നു. കെ കുഞ്ഞിമുഹമ്മദ്-2,17,187 രൂപ, പി.പി. റാബിയ-3,44,178, കായലകത്ത് അബൂബക്കർ തുടങ്ങിയ എട്ട് പേർക്ക് 5,55, 692 രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തെ കോടതി വിധി വന്നു.
എന്നാൽ, പണം നൽകിയില്ല. ഇതോടെ 2019 ജൂലൈയിൽ ഫർണിച്ചറുകൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. പണം ഉടൻ നൽകുമെന്ന് അറിയിച്ചതോടെ ജപ്തി ചെയ്തില്ല. രണ്ട് വർഷം കഴിഞ്ഞിട്ടും നൽകാതായതോടെയാണ് ഫർണിച്ചറുകൾ ഹാജരാക്കാൻ നിർദേശിച്ചത്.