ബിജെപിയുടെ 'എ പ്ലസ്' മണ്ഡലത്തില്‍ വിമതന്‍; കൊടുങ്ങല്ലൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുന്‍ എംഎല്‍എ

ബിജെപിയുടെ 'എ പ്ലസ്' മണ്ഡലമായ കൊടുങ്ങല്ലൂരില്‍ വിമത സ്ഥാനാര്‍ത്ഥി
ഉമേഷ് ചളിയില്‍/ഫെയ്‌സ്ബുക്ക്‌
ഉമേഷ് ചളിയില്‍/ഫെയ്‌സ്ബുക്ക്‌

കൊടുങ്ങല്ലൂര്‍: ബിജെപിയുടെ 'എ പ്ലസ്' മണ്ഡലമായ കൊടുങ്ങല്ലൂരില്‍ വിമത സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഉമേഷ് ചളിയിലാണ് പാര്‍ട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.  ബിജെപിയുടേത് ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന് ആരോപിച്ചാണ് ഉമേഷ് സ്വതന്ത്രനായി മത്സരിക്കുന്നത്. സന്തോഷ് ചെറക്കുളമാണ് കൊടുങ്ങല്ലൂരിലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് തന്റെ മത്സരമെന്ന് ഉമേഷ് പറഞ്ഞു. 

താനിപ്പോഴും ബിജെപിക്കാരന്‍ തന്നെയാണ്. കൊടുങ്ങല്ലൂരില്‍ നിരവധി നേതാക്കള്‍ ഉണ്ടായിരുന്നിട്ടും ഇരിങ്ങാലക്കുടയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത് എന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം തന്നെ പ്രചാരണ രംഗത്തുനിന്നും മാറ്റിനിര്‍ത്തിയതാതി ഉമേഷ് ആരോപിച്ചു. നിയമസഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അര്‍ഹതയുണ്ടായിട്ടും തന്നെ പരിഗണിച്ചില്ല. 

2001ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് മത്സരിച്ച ഉമേഷ് അട്ടിമറി വിജയം നേടിയിട്ടുണ്ട്. അന്ന് ജെഎസ്എസ് നേതാവായിരുന്ന ഉമേഷ് സിപിഐയുടെ സിറ്റിങ് എംഎല്‍എ മീനാക്ഷി തമ്പാനെയാണ് തോല്‍പ്പിച്ചത്. പിന്നീട് നടന്ന രണ്ടുതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സിപിഐയിലേക്കും ബിജെപിയിലേക്കും കൂടുമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com