ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 01:44 PM  |  

Last Updated: 18th March 2021 01:59 PM  |   A+A-   |  

sudhakaran

കെ സുധാകരന്‍ / ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ഇക്കാര്യം കെപിസിസി നേതൃത്വത്തേയും ഹൈക്കമാന്‍ഡിനെയും അറിയിച്ചെന്ന് സുധാകരന്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

ധര്‍മടത്ത് മത്സരിക്കാന്‍ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ തനിക്കു സന്തോഷമുണ്ട്. നേതൃത്വത്തെ ധിക്കരിക്കുന്ന പാര്‍ട്ടിക്കാരനല്ല താന്‍. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. അതിനാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിയാലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയത്. ധര്‍മടത്ത് സ്ഥാനാര്‍ഥിയാവാന്‍ ഡിസിസി ഏകകണ്ഠമായി നിര്‍ദേശിച്ചിട്ടുള്ളത് സി രഘുനാഥിന്റെ പേരാണ്. അദ്ദേഹത്തിന്റെ പേര് നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു. 

ധര്‍മടത്ത് കെ സുധാകരന്‍ എംപി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.