ലോകം കേരളത്തെ ശ്രദ്ധിക്കുന്നു, പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 11:09 AM  |  

Last Updated: 18th March 2021 11:12 AM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

 

മലപ്പുറം : സംസ്ഥാനത്ത് പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അനാവശ്യമായി ബഹളം വെക്കുകയാണ്. എവിടെ വികസനം എന്ന ചോദ്യം ഈ നിരാശയില്‍ നിന്നാണ്. വികസനത്തില്‍ ഇടതുമുന്നണിക്ക് വലിയ ജനപിന്തുണ നേടാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമ്പദ്ഘടനയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുകയും, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുകയും പ്രധാനമാണ്. പക്ഷെ ഇതു മാത്രമല്ല വേണ്ടത്. സമ്പത്തിന്റെ വിതരണത്തില്‍ വലിയ അസമത്വമാണ് നിലനില്‍ക്കുന്നത്. അസമത്വം ലഘൂകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉയര്‍ന്ന മാനവവിഭവശേഷിസൂചികകള്‍ നേടാന്‍ നമുക്ക് കഴിഞ്ഞു. സാര്‍വത്രികമായ പൊതുവിദ്യാഭ്യാസം, പൊതുമേഖലയിലുള്ള ആരോഗ്യസംരക്ഷണം എന്നിവ വളരെ പ്രധാനമായ കാര്യങ്ങളാണ്. പരിമിതികള്‍ ഉണ്ടെന്നു വിചാരിച്ച് ഒന്നും ചെയ്യാതിരിക്കുകയല്ല, ആ പരിമിതികള്‍ മുറിച്ച് കടന്ന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ അടിസ്ഥാന സൗകര്യ രംഗത്ത് വന്ന മാറ്റങ്ങള്‍ അടക്കം നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. 

കോവിഡ് വന്നപ്പോള്‍ നമ്മുടെ ആരോഗ്യരംഗം വികസിത രാജ്യങ്ങളെപ്പോലും വെല്ലുന്ന വിധത്തിലാണ് പ്രവര്‍ത്തിച്ചത്. കോവിഡിന് മുന്നില്‍ പല വികസിത രാജ്യങ്ങളും വിറങ്ങലിച്ചു നിന്നപ്പോള്‍ നമുക്ക് ഒരു പതര്‍ച്ചയും ഉണ്ടായില്ല. നല്ല രീതിയില്‍ നമുക്ക് മഹാമാരിയെ നേരിടാന്‍ കഴിഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കണക്ക് പരിശോധിച്ചാല്‍, കോവിഡ് രോഗം വരാത്തവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് കാണാം. ഇത് നമ്മുടെ പ്രതിരോധം ശരിയായ രീതിയില്‍ പ്രയോഗിക്കപ്പെട്ടു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 

ലോകവും കേരളത്തെ ശ്രദ്ധിക്കുന്ന അവസ്ഥ വന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്.  ധാരാളം മുതിര്‍ന്ന പൗരന്മാരും ജീവിതശൈലീ രോഗം ബാധിച്ചവരും അടക്കം കേരളത്തില്‍ രോഗം വരാനുള്ള സാധ്യത കൂടുതലുള്ള സ്ഥലമാണ്. എന്നാല്‍ അവരിലേക്ക് വലിയതോതില്‍ രോഗപ്പകര്‍ച്ച ഉണ്ടാകാതെ തടയാന്‍ നമുക്ക് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തെ ശാക്തീകരിച്ചതിനെ തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.