കോ-ലീ-ബി സഖ്യത്തില്‍ എന്താണ് രഹസ്യം?; 15 കൊല്ലം മുമ്പ് സിപിഎമ്മുമായും ധാരണ ഉണ്ടായിട്ടുണ്ടെന്ന് എംടി രമേശ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 01:10 PM  |  

Last Updated: 18th March 2021 01:20 PM  |   A+A-   |  

ramesh

എംടി രമേശ് /ഫയല്‍ ചിത്രം

 

കോഴിക്കോട് : കോ-ലീ-ബി സഖ്യം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. കോ-ലീ-ബി സഖ്യത്തെക്കുറിച്ച് രാജഗോപാല്‍ പറഞ്ഞത് എന്താണെന്ന് താന്‍ കേട്ടില്ല. അന്നത്തെ സഖ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ. അതില്‍ എന്താണ് രഹസ്യമെന്ന് എംടി രമേശ് ചോദിച്ചു. 

വടകരയിലും ബേപ്പൂരിലും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിച്ചിരുന്നു. രത്‌നസിങ് വടകരയിലും മാധവന്‍കുട്ടി ബേപ്പൂരിലും പൊതു സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ചതാണ്. അതില്‍ ഇപ്പോള്‍ എന്ത് പ്രാധാന്യമാണുള്ളത്. വടകര-ബേപ്പൂര്‍ മോഡല്‍ പരാജയപ്പെട്ട മോഡലാണ്. കേരളത്തില്‍ ഇപ്പോള്‍ ബിജെപി മല്‍സരിക്കുന്നത് കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെയാണ്. ഈ തെരഞ്ഞെടുപ്പില്‍ ലീഗിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. സിപിഎമ്മും കോണ്‍ഗ്രസുമാണ് ധാരണയിലേര്‍പ്പെടുന്നതെന്നും രമേശ് പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രാഷ്ട്രീയസഖ്യത്തെ ഇപ്പോള്‍ കൊണ്ടുവരുന്നത് വിഷയദാരിദ്രമുള്ള ആളുകളാണ്. രാഷ്ട്രീയത്തില്‍ ഇന്നത്തെ കാര്യത്തിനാണ് പ്രസക്തി. പത്തിരുപത് വര്‍ഷം മുമ്പത്തെ കാര്യം പറഞ്ഞിട്ട് എന്തിനാണ്. അങ്ങനെയെങ്കില്‍, ഒരു 15 വര്‍ഷം മുമ്പ് സിപിഎമ്മുമായി ബിജെപിക്ക് ദാരണയുണ്ടായിരുന്നുവെന്ന് എംടി രമേശ് പറഞ്ഞു. ഉദുമയില്‍ കെ ജി മാരാര്‍ മല്‍സരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയന്‍. ഞങ്ങള്‍ അതൊന്നും പറയുന്നില്ലല്ലോ. അതിനൊക്കെ എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് എംടി രമേശ് ചോദിച്ചു.

കേരളത്തിലെ വിശ്വാസികളെയും ജനങ്ങളെയും വിഡ്ഡികളാക്കാനാണോ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിച്ചതെന്ന് രമേശ് പറഞ്ഞു. ഖേദപ്രകടനം എന്ന പരിഹാസ്യമായ പ്രസ്താവന നടത്തി വിശ്വാസ സമൂഹത്തെ വീണ്ടും വഞ്ചിക്കാന്‍ നടത്തിയ നീക്കത്തിന് സിപിഎം പരസ്യമായി മാപ്പുപറയണം. ഒരു ഭാഗത്ത് വിശ്വാസികളെ വഞ്ചിക്കുമ്പോള്‍, മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം അഖിലേന്ത്യാ നേതൃത്വം പറയുന്നു. ഇത് ശബരിമല പ്രക്ഷോഭകാലത്ത് സ്വീകരിച്ച നിലപാടിനേക്കാള്‍ വഞ്ചനാപരമായ നിലപാടാണെന്ന് എംടി രമേശ് പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സിപിഎം നേതൃത്വം ഇന്ന് സ്വീകരിക്കുന്ന നിലപാട് വിശ്വാസി സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതും ജനങ്ങളെ വിഡ്ഡിയാക്കുന്നതുമാണ്. സീതാറാം യെച്ചൂരിയുടെ നിലപാടാണോ കേരളത്തിലെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് പറഞ്ഞു. എല്ലായിപ്പോഴും ജനങ്ങളെയും വിശ്വാസികളെയും വിഡ്ഡികളാക്കാമെന്ന് കരുതരുതെന്നും രമേശ് പറഞ്ഞു. 

ലീഗിന് വേണ്ടി യെച്ചൂരി പ്രചാരണം നടത്താന്‍ പോകുന്നു. ലീഗ് വര്‍ഗീയപാര്‍ട്ടിയാണോ എന്ന് വ്യക്തമായ നിലപാട് പറയാന്‍ യെച്ചൂരി തയ്യാറാകുന്നില്ല. തമിഴ്‌നാട്ടിലടക്കം ലീഗിന് വേണ്ടി യെച്ചൂരി ക്യാംപെയ്ന്‍ നടത്താന്‍ പോകകുയാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ അത് കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും വര്‍ഗീയ പാര്‍ട്ടിയാണ്. തമിഴ്‌നാട്ടിലെ ലീഗ് യെച്ചൂരിക്ക് സ്വര്‍ഗീയമാണോ എന്നും രമേശ് ചോദിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവരികയാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാണെന്ന് ജനം തിരിച്ചറിയുകയാണെന്നും രമേശ് അഭിപ്രായപ്പെട്ടു.