'കഴക്കൂട്ടത്ത് എത്തിയത് അസുര നിഗ്രഹത്തിന്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത് വിശ്വാസികളുടെ വോട്ട് കിട്ടാനുള്ള കടകം മറിച്ചില്‍'- ശോഭ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 01:01 PM  |  

Last Updated: 19th March 2021 01:01 PM  |   A+A-   |  

Sobha Surendran candidate

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശോഭ സുരേന്ദ്രൻ/ ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: വി മുരളീധരന്‍ പ്രവര്‍ത്തിച്ച മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ തന്റെ വരവില്‍ സന്തോഷത്തിലാണെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയെയാണ് കഴക്കൂട്ടം കാത്തിരുന്നതെന്നും അവര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട അസുര നിഗ്രഹത്തിനാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നതെന്നും തുടര്‍ ഭരണമുണ്ടായാല്‍ ശബരിമല ആവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

'കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഒരു അസുര നിഗ്രഹം അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാര്‍ത്ഥിയെ, കൂടുതല്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ ഞാനുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല മുരളീധരന്‍ ശ്രദ്ധവച്ച് പ്രവര്‍ത്തിച്ച ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പ്രവര്‍ത്തകരും സന്തോഷത്തിലാണ്'. 

'സ്ഥാനാര്‍ത്ഥിയുടെ പേര് എന്നത് പ്രസക്തമല്ല. ശോഭാ സുരേന്ദ്രന്‍ ഒരു സ്ഥാനാര്‍ത്ഥിയായി മാറുന്നു എന്നു മാത്രമേ ഉള്ളു. വിശ്വാസം സംബന്ധിച്ച നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം തുടര്‍ ഭരണമുണ്ടായാല്‍ ശബരിമല ആവര്‍ത്തിക്കും ഒപ്പം യുവതീ പ്രവേശനം സാധ്യമാക്കും. അതാണല്ലോ പാര്‍ട്ടി നിലപാട്. അഫിഡവിറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ല. ഒരേ സമയം വിശ്വാസികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസികളുടെ വോട്ട് എന്നുള്ള ആഗ്രഹം അത് സ്വാംശീകരിച്ചെടുത്ത് ഒരു കടകം മറിച്ചിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തിയിട്ടുള്ളത്'. 

'ശബരിമല വിഷയത്തില്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഒരാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും നിലനില്‍ക്കുന്നില്ല'. 

'സ്ഥാനാര്‍ത്ഥിത്വത്തില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ അത് ബിജെപി മാത്രമാണ്. ഒരു സ്വയം പ്രാപ്തയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചു കഴിഞ്ഞാല്‍ ആ തെളിയിക്കുന്ന വഴികളിലൂടെ മുന്നോട്ട് പോയാല്‍ സമയമാകുമ്പോള്‍ അവസരം വരും എന്നുള്ളതാണ്. ഞാനൊന്നും സംവരണത്തിലൂടെ വളര്‍ന്നു വന്ന ആളല്ല. ഗൗരിയമ്മയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ട്, പിറ്റേദിവസം മുഖ്യമന്ത്രി ആകുമ്പോള്‍ ഉടുക്കേണ്ട സാരി മാറ്റിവയ്ക്കണമെന്ന് പറഞ്ഞ ഒരു നാടല്ലേ ഇത്'- ശോഭ കൂട്ടിച്ചേര്‍ത്തു.