പ്രാതൽ തയാറാക്കിയില്ല; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 01:19 PM  |  

Last Updated: 19th March 2021 05:04 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

കൊല്ലം: ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കരയ്ക്ക് സമീപം മാവടിയിലാണ് ദാരുണ കൊലപാതകം. പുത്തൂർ മാവടി സുശീലഭവനിൽ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി  ബന്ധപ്പെട്ട് ഭർത്താവ് സോമദാസി (63) നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതിനായിരുന്നു സംഭവം. തടിക്കഷണം ഉപയോ​ഗിച്ചാണ് ഇയാൾ തലയ്ക്കടിച്ചത്. 

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. ഇന്നലെ രാവിലെ കൃഷിയിടത്തിൽ നിന്നു കയറി വന്നപ്പോൾ പ്രാതൽ തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കയ്യിൽക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സുശീല ബോധരഹിതയായി വീണതോടെ  സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിനെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുയായിരുന്നു. 

തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികൾ 7 വർഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവർക്കു കുട്ടികളില്ല.