ചങ്ങല പൊട്ടിച്ചെറിയുന്നതും കാരാഗൃഹ വാസവുമൊക്കെ വേറെ നടത്താം, ഇപ്പോള്‍ വേണ്ട; സംഘാടകരെ തിരുത്തി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 11:07 AM  |  

Last Updated: 19th March 2021 11:07 AM  |   A+A-   |  

pinarayi

പൊന്നാനിയിലെ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നു/സിപിഎം മലപ്പുറം ഡിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 

മലപ്പുറം: പഞ്ച് ഡയലോഗുകളും കിടിലന്‍ മുദ്രാവാക്യങ്ങളുമായി സ്വീകരണമൊരുക്കിയ സംഘാടകരെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയില്‍ ഇടതു മുന്നണിയുടെ പ്രചാരണ വേദിയിലാണ് സംഭവം. 

'ജയിലറ ഞെട്ടി വിറയ്ക്കട്ടെ'.... തുടങ്ങിയ മുദ്രാവാക്യങ്ങളും 'അത്തരം വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ട് വേണ്ടെ'ന്നുമുള്ള മുഖ്യമന്ത്രിയുെട തന്നെ പ്രയോഗങ്ങളും പശ്ചാത്തല സംഗീതത്തോടെ മുഴങ്ങിയായിരുന്നു മുഖ്യമന്ത്രിയെ എതിരേറ്റത്. പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇതിനെ തിരുത്തി.

'മുദ്രാവാക്യം വിളിച്ചവരോട് ഒരുകാര്യം പറയാനുണ്ട് ' എന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വേദിയാണ്. 'ഇവിടെ മത്സരിക്കുന്നത് ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയുമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതായ പൊതുമുദ്രാവാക്യങ്ങളാണ് ഇത്തരം ഘട്ടത്തില്‍ വിളിക്കേണ്ടത്. ചങ്ങലപൊട്ടിച്ചെറിയുന്നതും കാരാഗൃഹവാസവുമൊക്കെ നമുക്ക് വേറെ നടത്താം. അതൊന്നും ഇതിന്റെ ഭാഗമായി വിളിക്കേണ്ടതല്ല. ചെറുപ്പക്കാര്‍ ഇനിയങ്ങോട്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്' മുഖ്യമന്ത്രി പറഞ്ഞു