ഓടി, മതിൽ ചാടി, ഓട്ടോ പിടിച്ചു, കള്ളനെ വിടാതെ പിന്തുടർന്ന് പൊലീസ്, അവസാനം വളഞ്ഞിട്ടു പിടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2021 09:17 AM |
Last Updated: 19th March 2021 09:17 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി; മോഷ്ടിച്ച കാർ ഉപേക്ഷിച്ച് ഓടി, മതിൽ ചാടിക്കടന്നു, ഓട്ടോയിൽ കയറി. രക്ഷപ്പെടാൻ വേണ്ടി പലതന്ത്രങ്ങളും കള്ളൻ പ്രയോഗിച്ചു. എന്നാൽ പൊലീസിന്റെ മുന്നിൽ ഒന്നും വിലപ്പോയില്ല. കിലോമീറ്ററുകൾ വിടാതെ പിന്തുടർന്ന് അവസാനം വളഞ്ഞിട്ടു പിടിച്ചിട്ടേ അവർ അടങ്ങിയൊള്ളൂ.
അങ്കമാലി ഹൈവേ പൊലീസാണ് സാഹസികമായി വാഹനമോഷ്ടാവിനെ പിടികൂടിയത്. തലശേരി പൂതൻവല്ലി ചാലിൽ വീട്ടിൽ ഫാസിൽ (31) ആണ് അറസ്റ്റിലായത്. സംഭവം ആരംഭിക്കുന്നത് അങ്കമാലി ജംങ്ഷനിൽ നിന്നാണ്. നിർത്തിയിട്ടിരുന്ന കാർ റോഡ് സൈഡിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോകാനായിരുന്നു ഫാസിലിന്റെ ശ്രമം. താക്കോൽ കാറിൽ തന്നെയുണ്ടായിരുന്നതിനാൽ കാർ എടുത്തുകൊണ്ടുപോവുകയായിരുന്നു.
ഇത് കണ്ട ഉടമ ഒച്ചവെച്ചു. അവിടെയെത്തിയ ഹൈവേ പൊലീസ് കാറിനെ പിന്തുടർന്നു. ഇതറിഞ്ഞ മോഷ്ടാവ് വാഹനം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കാർ ഉപേക്ഷിച്ച് ഇറങ്ങിയോടി. കള്ളനെ പിടിക്കാനായി പിന്നാലെ പൊലീസും ഓടി. സ്റ്റാൻഡിന്റെ മതിൽ ചാടി മോഷ്ടാവ് ആശുപത്രിയിൽ എത്തി. പൊലീസ് അപ്പോഴും പിന്നാലെയുണ്ടായിരുന്നു.
തുടർന്ന് ഇയാൾ ഓട്ടോസ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് കാലടിയിലേക്ക് പോയി. പുറകെയുണ്ടായിരുന്ന പൊലീസും ഓട്ടോയിൽ കയറി ഫോളോ ചെയ്തു. അപ്പോഴേക്കും പൊലീസും പിന്നാലെയെത്തി. വിശ്വജ്യോതി സ്കൂളിനടുത്ത് എത്തിയപ്പോൾ പൊലീസ് ജീപ്പ് ഫാസിൽ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്ക് വട്ടംവച്ചു. ഓട്ടോയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ടു പിടിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ സാഹസികമായി പിടികൂടിയ പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അഭിനന്ദിച്ചു.