രാജ്യസഭാ സീറ്റ് ചാക്കോയ്ക്കു നല്‍കില്ല, രണ്ടു സീറ്റും സിപിഎം ഏറ്റെടുത്തേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 11:36 AM  |  

Last Updated: 19th March 2021 11:36 AM  |   A+A-   |  

seats will be taken over by the CPM

എകെജി സെന്റര്‍/ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫിനു ജയസാധ്യതയുള്ള രണ്ടും സിപിഎം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് നേതൃത്വത്തില്‍ തീരുമാനമായതായാണ് സൂചന. 

ഏപ്രില്‍ പന്ത്രണ്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്‌ അംഗം വയലാര്‍ രവി, മുസ്ലിം ലീഗിലെ എപി അബ്ദുല്‍ വഹാബ്, സിപിഎമ്മിലെ കെക രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം വച്ച് മൂന്നില്‍ രണ്ടു സീറ്റിലും ഇടതു മുന്നണിക്കു ജയിക്കാനാവും. സിപിഎമ്മിന്റെ ഒരു അംഗം മാത്രമാണ് ഒഴിയുന്നത് എന്നാല്‍ ഘടകകക്ഷികള്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കാനിടയുണ്ട്.

എല്‍ഡിഎഫില്‍ ധാരണയുണ്ടാക്കി രണ്ടു സീറ്റും ഏറ്റെടുക്കാനാണ് സിപിഎം നേതൃത്വത്തിലെ ധാരണ. ഇതില്‍ ഒരു സീറ്റില്‍ സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ മത്സരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാ തെരഞ്ഞെടുപ്പു സമയത്ത് ചെറിയാന്‍ പരിഗണിക്കപ്പെട്ടിരുന്നു. ഇക്കുറി നിയമസഭയിലേക്ക് ചെറിയാനെ ഒഴിവാക്കിയത് രാജ്യസഭയിലേക്കു പരിഗണിക്കാം എന്ന ധാരണയില്‍ ആണെന്നാണ് അറിയുന്നത്. 

രണ്ടാമതു വരുന്ന സീറ്റില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണനെ പരിഗണിക്കുമെന്നാണ് സൂചനകള്‍. മറ്റേതെങ്കിലും ദേശീയ നേതാവ് ഈ ഒഴിവില്‍ രാജ്യസഭയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കോണ്‍ഗ്രസ് വിട്ട് എന്‍സിപി വഴി ഇടതുമുന്നണിയില്‍ എത്തിയ പിസി ചാക്കോയെ രാജ്യസഭാംഗമാക്കും എന്ന റിപ്പോര്‍ട്ടുകള്‍ സിപിഎം തള്ളി. ചാക്കോ രണ്ടു ദിവസം മുമ്പു മാത്രമാണ് ഇടതുപക്ഷത്ത് എത്തിയത്. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം പാര്‍ട്ടിക്കു മുന്നില്‍ ഇല്ലെന്ന് നേതാക്കള്‍ പറഞ്ഞു.