പണവുമായി സലിം കുമാർ എത്തി, കാലുതൊട്ടു വന്ദിച്ച് അരിത ബാബു നാമനിർദേശ പത്രിക സമർപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 08:34 AM  |  

Last Updated: 19th March 2021 08:34 AM  |   A+A-   |  

aritha_babu

നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ അരിത ബാബു സലിംകുമാറിനൊപ്പം/ ഫേയ്സ്ബുക്ക്

 

കായംകുളം; പറഞ്ഞതുപോലെ കെട്ടിവയ്ക്കാനുള്ള പണവുമായി നടൻ സലിം കുമാർ എത്തി. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവാണ് താരസാന്നിധ്യത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. പണം വാങ്ങി സലിം കുമാറിന്റെ കാൽതൊട്ടു വന്ദിച്ച ശേഷമാണ് പത്രിക സമർപ്പിച്ചത്. 

അരിതയുടെ ജീവിതം അറിഞ്ഞപ്പോൾ തന്റെ പഴയകാലം ഓർത്തെന്നും അങ്ങനെയാണ് ഹൈബി ഈഡൻ എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാർ പറഞ്ഞു. പഠനകാലം മുതലേ പശുക്കളെ പരിപാലിക്കുകയും വീടുകളിൽ പാൽ എത്തിക്കുകയും ചെയ്യുന്ന അരിതയുടെ ജീവിതകഥ എന്നെ സമാനമായ അനുഭവം ഓർമിപ്പിച്ചു. അങ്ങനെ തന്നെയാണ് ഞാനും ജീവിച്ചത്. വീട്ടിൽ മൂന്നുനാലു പശുക്കൾ ഉണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് വീടുകളിലും ഹോട്ടലുകളിലും പാൽ കൊണ്ടുപോയി കൊടുക്കുമായിരുന്നുവെന്നും താരം പറഞ്ഞു.
 
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി അരിതയെ പ്രഖ്യാപിച്ചതിന് പിന്നാലെ പിന്തുണയുമായി സലിംകുമാർ രം​ഗത്തെത്തിയിരുന്നു. ഹൈബി ഈഡൻ എംപിയാണ് അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം സലിംകുമാർ നൽകുമെന്ന് അറിയിച്ചത്. അരിതയുടെ പ്രചരണത്തിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.