പിണറായി പങ്കെടുത്ത എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റ ശ്രമം; ബേബി ജോണിനെ തള്ളിയിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 07:39 PM  |  

Last Updated: 20th March 2021 07:51 PM  |   A+A-   |  

baby john

ബേബി ജോണ്‍ പ്രസംഗിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിന് നേരെ കയ്യേറ്റ ശ്രമം. തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. മുഖ്യമന്ത്രി സംസാരിച്ചു വേദി വിട്ടതിന് ശേഷമാണ് സംഭവം. 

സംസാരിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. ശേഷം പ്രസംഗം തുടര്‍ന്ന ബേബി ജോണ്‍, തന്നെ തള്ളിയിട്ടതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ വിജയം തടയാനിവില്ലെന്ന് പറഞ്ഞു. 

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്ത് കരാറില്‍ ഒപ്പുവച്ചാലും ഇടതുപക്ഷം വിജയിക്കും. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാന്‍ തന്നെ തള്ളി താഴെയിട്ടതുകൊണ്ടു മാത്രം സാധിക്കില്ല. തള്ളു കൊല്ലാനും എല്ലൊടിയാനും വേണ്ടിവന്നാല്‍ ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ടാണ് ചെങ്കൊടിയുമായി തെരുവിലിറങ്ങിയത്. 'ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ' എന്ന് വെല്ലുവിളിച്ചാണ് ബേബി ജോണ്‍ പ്രസംഗം അവസാനിപ്പിച്ചത്.