ബിജെപിക്കു തിരിച്ചടി; തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും പത്രിക തള്ളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 02:22 PM  |  

Last Updated: 20th March 2021 02:23 PM  |   A+A-   |  

nivedita, haridas

അഡ്വ. നിവേദിത, എന്‍ ഹരിദാസ്/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ ബിജെപിക്കു വന്‍ തിരിച്ചടി. പാര്‍ട്ടി വലിയ പ്രതീക്ഷ വച്ചിരുന്ന മൂന്നു മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക സാങ്കേതിക പിഴവിനെത്തുടര്‍ന്നു തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ പത്രികകളാണ് തള്ളിയത്.

പാര്‍ട്ടി ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്തില്‍ സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ പത്രിക തള്ളിയത്. തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസും ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച അധ്യക്ഷ അഡ്വ. നിവേദിതയുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ദേവികുളത്ത് എഐഎഡികെ സ്ഥാനാര്‍ഥി ആര്‍എം ധനലക്ഷ്മിയുടെ ഫോം 25 അപൂര്‍ണമായതാണ് പിഴവായത്. 

തലശ്ശേരിയില്‍ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത സ്ഥിതിയായി. കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016 ല്‍ ബിജെപി തലശ്ശേരിയില്‍ 22,126 വോട്ടുകള്‍ നേടിയിരുന്നു. ഗുരുവായൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച അഡ്വ.നിവേദിത ഇരുപത്തി അയ്യായിരത്തിലേറെ വോട്ടു നേടിയിരുന്നു. ഇവിടെയും ബിജെപിക്കു ഡമ്മി സ്ഥാനാര്‍ഥി ഇല്ല.
കഴിഞ്ഞ തവണ ദേവികുളത്ത് സഖ്യം ഇല്ലാതെ തന്നെ ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

പത്രിക തള്ളിയതിനെതിരെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് ബിജെപി നീക്കം നടത്തുന്നത്.