സ്ഥാനാര്‍ത്ഥികള്‍ മൂന്ന് , തര്‍ക്കം തീര്‍ക്കാന്‍ വിളിച്ച കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി, മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് എം കെ രാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 12:52 PM  |  

Last Updated: 20th March 2021 12:52 PM  |   A+A-   |  

elethur udf

എലത്തൂര്‍ കോണ്‍ഗ്രസ് പ്രതിഷേധം / ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട്: എലത്തൂര്‍ സീറ്റുമായി ബന്ധപ്പെട്ട യുഡിഎഫിലെ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ച യോഗത്തില്‍ കയ്യാങ്കളി. എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കോഴിക്കോട് എംപി എംകെ രാഘവന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്റെ എന്‍സികെക്ക് നല്‍കിയതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

എന്‍സികെ നേതാവ് സുള്‍ഫിക്കര്‍ മയൂരി ആണ് എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സീറ്റ് സഖ്യകക്ഷിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് യുവ കോണ്‍ഗ്രസ് നേതാവ് യു വി ദിനേശ് മണി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇതോടെ യുഡിഎഫ് പക്ഷത്തുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളാണ് എലത്തൂരില്‍ മല്‍സരരംഗത്തുള്ളത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള, ഭാരതീയ നാഷണല്‍ ജനതാദള്‍, കോണ്‍ഗ്രസ് നേതാവ് ദിനേശ് മണി എന്നിവരാണ് മല്‍സരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ വി തോമസ് ചര്‍ച്ച നടത്തുന്നതിനിടെ, സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കണം എന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചു. ഇതോടെ ഒരു കാരണവശാലും സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി എം കെ രാഘവന്‍ യോഗത്തില്‍ നിന്നും ഇറങ്ങപ്പോയത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി നിലപാടില്‍ പ്രതിഷേധിച്ചു. 

മയൂരിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍. തുടര്‍ന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളോടും ഉച്ചയ്ക്ക് ശേഷം ഡിസിസി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിനേശ് മണിയുടെ വിമത സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ എം കെ രാഘവനാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് എം കെ രാഘവനുമായി ദിനേശ് മണി ചര്‍ച്ചയും നടത്തിയിരുന്നു. 

യുഡിഎഫ് കണ്‍വീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മന്‍ചാണ്ടിയോ പിന്‍മാറണമെന്നാവശ്യപ്പെട്ടാലോ മാത്രമേ പിന്‍മാറുവെന്നും ഇല്ലെങ്കില്‍ പിന്‍മാറേണ്ട ആവശ്യമില്ലെന്നുമാണ് സുള്‍ഫിക്കര്‍ മയൂരിയുടെ നിലപാട്. ഇത് പേമെന്റ് സീറ്റാണെന്ന ആരോപണവും എന്‍സികെ സ്ഥാനാര്‍ത്ഥി നിഷേധിക്കുന്നു.