പത്രിക തള്ളിയതിന് പിന്നില്‍ ഒത്തുകളിയോ ? ; ആരോപണവുമായി മുന്നണികള്‍ ; രാഷ്ട്രീയ വിവാദം

അശ്രദ്ധ മൂലമുണ്ടായ പിഴവുമൂലമാണ് നാമനിര്‍ദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു
അഡ്വ. നിവേദിത, എന്‍ ഹരിദാസ്, ധനലക്ഷ്മി / ഫെയ്‌സ്ബുക്ക്‌
അഡ്വ. നിവേദിത, എന്‍ ഹരിദാസ്, ധനലക്ഷ്മി / ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍ : തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹരിദാസന്റെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പരസ്പരം ആരോപണങ്ങളുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള അന്തര്‍ധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന്  സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു. അശ്രദ്ധ മൂലമുണ്ടായ പിഴവുമൂലമാണ് നാമനിര്‍ദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയുടെ കാര്യത്തില്‍ മറ്റുമണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതുപോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. മറ്റുമണ്ഡലങ്ങളില്‍ ശരിയായ വിധത്തില്‍ സമര്‍പ്പിക്കാമെങ്കില്‍ തലശ്ശേരിയിലും സമര്‍പ്പിക്കാമല്ലോ. അതുപോലെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിക്കപ്പെടാതിരുന്നതിന്റെ കാരണവും ബിജെപി വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള അന്തര്‍ധാര സംശയിക്കത്തക്ക നിലയിലുളള സാഹചര്യമാണ് ഉളളത്. ധര്‍മടത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. എന്നാല്‍ അത് ഒളിച്ചോട്ടം മാത്രമാണെന്ന് തലശ്ശേരിയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയ സാഹചര്യത്തില്‍ തോന്നുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. 

അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും  പല മണ്ഡലങ്ങളിലും സൗഹൃദമല്‍സരം നടത്തുകയാണ്. 

സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും ദുര്‍ബ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയദാരിദ്ര്യം നേരിടുന്നതിനാലാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com