ബിജെപിയുടെ നായര്‍ വോട്ട് മൂന്നിരട്ടിയായി ഉയര്‍ന്നു, ഈഴവ വോട്ടിലും വര്‍ധന; സമുദായങ്ങളുടെ വോട്ടു വിഹിതം ഇങ്ങനെ

ബിജെപിയുടെ നായര്‍ വോട്ട് മൂന്നിരട്ടിയായി ഉയര്‍ന്നു, ഈഴവ വോട്ടിലും വര്‍ധന; സമുദായങ്ങളുടെ വോട്ടു വിഹിതം ഇങ്ങനെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ഫയല്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ഫയല്‍

കൊച്ചി: നായര്‍, ഈഴവ സമുദായങ്ങളില്‍നിന്നു ബിജെപിക്കു ലഭിക്കുന്ന വോട്ടില്‍ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ വര്‍ധന ഉണ്ടായെന്ന് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്), സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) എന്നിവര്‍ ചേര്‍ന്നു നടത്തിയ നാഷനല്‍ ഇലക്ഷന്‍ സര്‍വേയാണ് ഈ നിഗമനം മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കിട്ടിയ നായര്‍ വോട്ടുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടായെന്നാണ്‌ സര്‍വേ പറയുന്നത്. 2006ലും 2011ലും 11 ശതമാനം നായര്‍ വോട്ടാണ് ബിജെപിക്കു കിട്ടിയത്. 2016ല്‍ അത് 33 ശതമാനം ആയി ഉയര്‍ന്നു. യുഡിഎഫിനാണ് ഇതില്‍ നഷ്ടം സംഭവിച്ചത്. യുഡിഎഫിന്റെ നായര്‍ വോട്ടു വിഹിതം 43 ശതമാനത്തില്‍നിന്ന് 20 ശതമാനം ആയാണ് കുറഞ്ഞത്. നായര്‍ വോട്ടു വിഹിതത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് നേരിയ നേട്ടമുണ്ടായെന്നാണ് സര്‍വേ പറയുന്നത്. 

ശബരിമല പ്രധാന ചര്‍ച്ചാ വിഷയമായ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നായര്‍ വോട്ടിലെ മാറ്റം കൂടുതല്‍ പ്രകടമാണ്. 43 ശതമാനമാണ് ബിജെപിയുടെ നായര്‍ വോട്ടുവിഹിതം. യുഡിഎഫിന് അത് 35 ശതമാനമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 ശതമാനമായിരുന്നു യുഡിഎഫിന്റെ നായര്‍ വോട്ടുവിഹിതം. 2014ല്‍ 30 ശതമാനം നായര്‍ വോട്ടുകള്‍ എല്‍ഡിഎഫിനു കിട്ടിയപ്പോള്‍ 2019ല്‍ അത് 22 ശതമാനമായി കുറഞ്ഞു.

ഈഴവ വോട്ടുകളുടെ കാര്യത്തിലും സമാനമായ നേട്ടം ബിജെപി ഉണ്ടാക്കിയെന്നാണ് സര്‍വേ പറയുന്നത്. 2006ല്‍ ആറു ശതമാനം ഈഴവ വോട്ടാണ് ബിജെപിക്കു കിട്ടിയത് 2011ല്‍ അത് ഏഴു ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2016ല്‍ 17 ശതമാനം ഈഴ വോട്ടു നേടാന്‍ ബിജെപി മുന്നണിക്കായി. എല്‍ഡിഎഫിനാണ് ഇവിടെ വലിയ നഷ്ടം സംഭവിച്ചത്. 2006ല്‍ 64 ശതമാനവും 2011ല്‍ 65 ശതമാനവും ഈഴവ വോട്ടുകള്‍ ഇടതു മുന്നണിക്കായിരുന്നു. 2016ല്‍ അത് 49 ശതമാനമായി ഇടിഞ്ഞു. ബിഡിജെഎസിന്റെ രൂപീകരണം ഇതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നാണ് സര്‍വേ വിലയിരുത്തുന്നത്. 

മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതില്‍ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 2006ല്‍ 57 ശതമാനവും 2011ല്‍ 65 ശതമാനവും 2016ല്‍ 58 ശതമാനവും മുസ്ലിംകള്‍ യുഡിഎഫിന് വോട്ടു ചെയ്തു. ക്രിസ്ത്യന്‍ വോട്ട് 2006ലും 2011ലും 67 ശതമാനവും 2016ല്‍ 51 ശതമാനവും യുഡിഎഫിനു കിട്ടിയെന്നും സര്‍വേ പറയുന്നു. 2016ല്‍ എല്‍ഡിഎഫിനു കിട്ടിയ ക്രിസ്ത്യന്‍ വോട്ടില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2011ലെ 27 ശതമാനത്തില്‍നിന്ന് 35 ശതമാനത്തിലേക്ക്. 2006ലേയും 2011ലേയും ഒരു ശതമാനത്തില്‍നിന്ന് 2016ല്‍ എന്‍ഡിഎയ്ക്കു കിട്ടിയ ക്രിസ്ത്യന്‍ വോട്ട് ഒന്‍പതു ശതമാനമായി ഉയര്‍ന്നെന്നും സര്‍വേ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com