സംസ്ഥാനത്തും കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യത; കടുത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി, മുന്നറിയിപ്പ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

തൃശൂര്‍ : സംസ്ഥാനത്തും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ കടുത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു സാഹചര്യം പരിഗണിച്ച് കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും അടക്കം ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളില്‍ അടുത്ത കോവിഡ് വ്യാപന തരംഗത്തിനുള്ള സാധ്യത ശക്തമാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അവിടെയെല്ലാം കേസുകള്‍ കൂടി വരികയാണ്. കേരളത്തില്‍ കേസുകള്‍ കുറഞ്ഞു വരികയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നമ്മളും സുരക്ഷിതരല്ലെന്ന് മനസ്സിലാക്കണം. 

ഐസിഎംആറിന്റെ പഠനപ്രകാരം ശരാശരി 20 കേസുകള്‍ ഉണ്ടാകുമ്പോഴാണ് ഒരു കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കര്‍ണാടകയില്‍ 30 കേസുകള്‍ക്ക് ഒന്ന് എന്ന തരത്തിലും, തമിഴ്‌നാട്ടില്‍ 24 കേസുകള്‍ക്ക് ഒന്ന് എന്ന തരത്തിലുമാണ്. അതേസമയം കേരളത്തില്‍ മൂന്നു കേസുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഒര് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലെ കേസ് റിപ്പോര്‍ട്ടിങ്ങിന്റെ ഈ സ്വഭാവം പരിഗണിച്ചാല്‍ രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇനിയും രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇത് ഗൗരവമായ മുന്നറിയിപ്പായി കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ വേഗത കുറച്ച് ഉച്ചസ്ഥായിയിലെത്തുന്നത് ദീര്‍ഘിപ്പിച്ചതിനാലാണ് അടുത്ത തരംഗം ഉണ്ടാകുന്നതിന് മുമ്പ് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സാവകാശം കേരളത്തിന് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം വരാത്ത സംസ്ഥാനമാണ് കേരളം. കേരളം സ്വീകരിച്ച രോഗപ്രതിരോധമാതൃക ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മരണനിരക്ക് വലിയതോതില്‍ കുറയ്ക്കാനും കേരളത്തിന് കഴിഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടയ്ക്കരുതെന്നത് രാജ്യത്തിന്റെ പൊതുവായ നയം ആണ്. കോവിഡ് വല്ലാതെ വ്യാപിക്കുന്നതിന്റെ പരിഭ്രാന്ത് അവര്‍ക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്ന് മേലില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചിലഘട്ടങ്ങളില്‍ നമ്മുടെ അയല്‍സംസ്ഥാനം ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതായി കണ്ടു വരുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തെ ബന്ധപ്പെടേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com