പാവപ്പെട്ടവര്‍ക്കു പ്രതിമാസം 6000 രൂപ, വീട്ടമ്മമാര്‍ക്ക് 2000 രൂപ, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2021 11:51 AM |
Last Updated: 20th March 2021 12:04 PM | A+A A- |
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്നു/ടിവി ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക. ഈ പദ്ധയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം രണ്ടായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ കാതലെന്ന് കമ്മിറ്റി കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരമാണ് പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നല്‍കുക. പ്രതിമാസം ആറായിരം രൂപയാണ് അക്കൗണ്ടില്‍ ത്തെിക്കു. സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കുന്നതാണ് ഈ പദ്ധതിയെന്ന് പ്രകട പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും. ശമ്പള പെന്‍ഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ രൂപീകരിക്കും. എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ അരി നല്‍കും. 40 മുതല്‍ 60 വയസുവരെയുള്ള പ്രായമുള്ള, ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മാസം രണ്ടായിരം രൂപ നല്‍കും.
ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് നടപ്പാക്കും. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്കു വീടു വച്ചു നല്‍കും. കോവിഡ് ദുരിത നിവാരണത്തിന് കമ്മിഷന്‍ കൊണ്ടുവരും.
പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പാക്കും. മത്സ്യത്തൊഴിലാളി ബോട്ടുകള്‍ക്ക് ഇന്ധന സബ്‌സ്ഡി നല്‍കും. ഓട്ടോ, ടാക്‌സികള്‍ക്കും ഇന്ധന സബ്്‌സിഡി നല്‍കും.
എല്ലാ ഉപഭോക്താക്കള്‍ക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. സംസ്ഥാനത്താകെ ബില്‍ രഹിത ആശുപത്രി സംവിധാനം കൊണ്ടുവരും. പിഎസ്‌സിയില്‍ ഒഴിവു കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കും.
ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.