എല്‍ഡിഎഫിന് 83 സീറ്റു വരെ, മുഖ്യനാവാന്‍ യോഗ്യന്‍ പിണറായി; തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി സര്‍വേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 09:01 AM  |  

Last Updated: 20th March 2021 09:01 AM  |   A+A-   |  

Mathrubhumi survey

ഫയല്‍ ചിത്രം

 

കൊച്ചി; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തുടര്‍ഭരണം പ്രഖ്യാപിച്ച് മാതൃഭൂമി- സീ വോട്ടര്‍ അഭിപ്രായ സര്‍വേ. 75 മുതല്‍ 83 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫ് 56-64 സീറ്റുകളും ബിജെപി രണ്ട് സീറ്റു വരേയും നേടിയേക്കാമെന്നുമാണ് സര്‍വേയിലെ കണ്ടെത്തല്‍. 

എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെടുന്നവര്‍ 44.4 ശതമാനമാണ്. 30.1 ശതമാനം യുഡിഎഫ് അധികാരം നേടുമെന്ന് പറയുന്നു. 11.6 ശതമാനം എന്‍ഡിഎയ്ക്കും 2.7 ശതമാനം മാത്രമാണ് തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത കല്പിക്കുന്നത്. 40.9 ശതമാനം വോട്ടുവിഹിതം എല്‍ഡിഎഫും 37.9 ശതമാനം യുഡിഎഫും നേടും. ഇരുമുന്നണികള്‍ക്കും 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണിത്. എന്നാല്‍, 16.6 ശതമാനം വോട്ടുവിഹിതവുമായി ബിജെപി നിലമെച്ചപ്പെടുത്തുമെന്നും സര്‍വേ പറയുന്നു.

മുഖ്യമന്ത്രിയായി പിണറായിക്കു തന്നെയാണ് പിന്തുണ കൂടുതല്‍. സര്‍വേയില്‍ പങ്കെടുത്ത 38.1 ശതമാനവും പിണറായിക്കൊപ്പമാണ്. 27.4 ശതമാനം ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്നുണ്ട്. രമേഷ് ചെന്നിത്തലയ്ക്ക് 2.9 ശതമാനമാണ് പിന്തുണ. ശശി തരൂര്‍ (9.1 ശതമാനം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (8.1), കെ.കെ. ശൈലജ (4.6), എ.കെ. ആന്റണി (1.8), ജോസ് കെ. മാണി (0.8) എന്നിവരാണ് പ്രതിപക്ഷത്തിന് 42.6 ശതമാനം പേര്‍ മോശം റേറ്റിങ് നല്‍കിയപ്പോള്‍ 34.4 ശതമാനം പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുമോ എന്ന ചോദ്യത്തോട് സര്‍വേയില്‍ 56.9ശതമാനവും ബിജെപി നില മെച്ചപ്പെടുത്തില്ലെന്നാണ് പ്രതികരിച്ചത്. 

കിറ്റും പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്‌തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേര്‍ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. 

വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം ബാധിക്കുമെന്ന് കരുതിയവര്‍  20.2 ശതമാനമാണ്. പിന്നിലുള്ളത്. ജനുവരി 28 മുതല്‍ മാര്‍ച്ച് 19 വരെ 14,913 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.