ഇവിടെ വന്ന് എന്തും പറയാം; മാഷിനെ ആരും ഒന്നും ചെയ്യില്ല; ബേബി ജോണിനെതിരായ അക്രമത്തില്‍ അനില്‍ അക്കര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 08:33 AM  |  

Last Updated: 21st March 2021 08:33 AM  |   A+A-   |  

ANIL_AKKARA-BABY_JOHN

അനില്‍ അക്കര. ബേബി ജോണ്‍


വടക്കാഞ്ചേരി: എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ സിപിഎം സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അനില്‍ അക്കര എംഎല്‍എ. ബേബി ജോണിന് വടക്കാഞ്ചേരിയില്‍ വന്ന് ഇനിയും തന്നെ എന്തുവേണമെങ്കിലും പറയാമെന്നും ആരും ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ, ബേബി ജോണ്‍ അനില്‍ അക്കരയെ സാത്താന്റെ സന്തതി എന്ന് വിളിച്ചത് വിവാദമായിരുന്നു. 

ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ച് നടന്ന കണ്‍വെന്‍ഷനിലാണ് ബേബി ജോണിനെ വേദിയില്‍ അതിക്രമിച്ച് കയറിയ ആള്‍ തള്ളി താഴെയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍, അദ്ദേഹം വേദി വിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. 

പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ശക്തമായ തള്ളലില്‍ വേദിയില്‍ വീണ ബേബി ജോണിന് മുകളിലേക്ക് മൈക്കും വീണു. മന്ത്രി വി എസ് സുനില്‍ കുമാര്‍, ചീഫ് വിപ്പ് കെ രാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ഈ സമയം വേദിയിലുണ്ടായിരുന്നു. 


'വടക്കാഞ്ചേരിയില്‍ വന്ന് ഇനിയും എന്നെ എന്ത് വേണമെങ്കിലും പറയാം.ഇവിടെ ആരും മാഷെ ഒന്നും ചെയ്യില്ല.ഇവിടെ സ്നേഹം മാത്രം'-എന്നാണ് അനില്‍ അക്കര ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.