സംസ്ഥാനത്ത് അനധികൃത കുടിവെള്ള പ്ലാന്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 08:47 AM  |  

Last Updated: 21st March 2021 08:47 AM  |   A+A-   |  

method of declaring brain death unethical; doctor to HC

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് അനധികൃത കുടിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് നിയമാനുസൃതമായ ലൈസന്‍സ്, മറ്റ് അനുമതികള്‍ എന്നിവയുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

പുതിയ കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരമുള്ള നിലവാരം നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കണം. കൂടാതെ, ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ആവശ്യമായ അനുമതികളും ക്ലിയറന്‍സും മറ്റും നേടിയതിനു ശേഷമാണ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് 106 കുപ്പിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 20 എണ്ണത്തിനു കൂടി സര്‍ക്കാര്‍ അനുമതി നല്‍കാനൊരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് കൃത്യമായ ലൈസന്‍സില്ലാതെയാണ് ഭൂരിഭാഗം യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നതെന്നും നിലവാരം കുറഞ്ഞ ഐസ് ബാറുകളാണ് വഴിയോരത്തു കുലുക്കി സര്‍ബത്ത് ഉള്‍പ്പെടെയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. 

നിലവാരം സംബന്ധിച്ച സര്‍ക്കാര്‍ മുദ്രയില്ലാതെ, ഐസ് ബാറുകളും കുപ്പിവെള്ളവും കേരളത്തിലാകെ വിതരണം ചെയ്യുന്നുണ്ടെന്നും ഈ യൂണിറ്റുകള്‍ ക്രമേണ കുടില്‍ വ്യവസായമായി മാറുകയാണെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു. 

എന്നാല്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ അനുമതിയില്ലാത്ത പ്ലാന്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ നിലവാരം ഉറപ്പാക്കുന്ന നിയമപ്രകാരമുള്ള പരിശോധനകള്‍ നിരന്തരം നടത്തുന്നുണ്ടെന്നും അറിയിച്ചു. നിര്‍മാണ യൂണിറ്റുകള്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിലവാരമില്ലാത്ത ഐസ് വിതരണം ചെയ്യുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.