ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരില്‍ മത്സ്യ തൊഴിലാളി മേഖലയെ തകര്‍ക്കുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ലത്തീന്‍ രൂപതയുടെ ഇടയലേഖനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 10:25 AM  |  

Last Updated: 21st March 2021 10:25 AM  |   A+A-   |  

modi-pinarayi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം

 

കൊല്ലം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച പള്ളികളില്‍ വായിച്ച ലേഖനത്തില്‍, മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നു.

ഇ.എം.സി.സി കരാര്‍ പിന്‍വലിച്ചത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മാണം നടന്നുകഴിഞ്ഞു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവനനിര്‍മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതായും വിമര്‍ശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുകയാണ്.

ബ്ലൂ ഇക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിന് ഖനനാനുമതി നല്‍കി കേന്ദ്രസര്‍ക്കാരും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു. ആദിവാസികള്‍ക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.