നാമനിര്‍ദേശ പത്രിക തള്ളിയ നടപടി; ബിജെപി ഹൈക്കോടതിയില്‍, രണ്ടുമണിക്ക് പ്രത്യേക സിറ്റിങ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 09:48 AM  |  

Last Updated: 21st March 2021 09:48 AM  |   A+A-   |  

kerala high court

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക സിറ്റിങ് ചേരും. അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്. ബിജെപിക്കായി മുതിര്‍ന്ന അഭിഭാഷകരായ രാംകുമാറും ശ്രീകുമാറും ഹാജരാകും.

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. സിപിഎം സമ്മര്‍ദം കാരണമാണ് പത്രികകള്‍ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. 

തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്‍, ദേവികുളത്ത് ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്‍.എം.ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്.