6 വർഷത്തിനിടെ 4 അറസ്റ്റ് വാറന്റും 5 സമൻസും, അപരന്റെ കയ്യിലിരിപ്പിന് പണി കിട്ടുന്നത് അബൂബക്കറിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2021 08:04 AM |
Last Updated: 22nd March 2021 08:04 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം; കഴിഞ്ഞ ആറ് വർഷങ്ങളായി തന്റെ അപരനെക്കൊണ്ട് പൊറുതിമുട്ടുകയാണ് പൊതുപ്രവർത്തകനായ തരിശിലെ ഓട്ടുപാറ അബൂബക്കർ. ഇതിനോടകം 4 അറസ്റ്റ് വാറന്റും 5 സമൻസുമാണ് അബൂബക്കറിന്റെ പേരിൽ വീട്ടിലേക്ക് എത്തിയത്. എന്നാൽ ഈ കുറ്റകൃത്യങ്ങളുമായി അദ്ദേഹത്തിന് ഒരു പങ്കുമില്ല. ഒരേ പേരും മേൽവിലാസമുള്ള മറ്റൊരാൾ ചെയ്യുന്ന കുറ്റങ്ങളാണ് അബൂബക്കറിന്റെ തലയിലായത്. കഴിഞ്ഞ ആറ് വർഷങ്ങളായി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. അവസാനം തന്റെ അപരനെ കയ്യോടെ പിടിച്ചെങ്കിലും അറസ്റ്റ് വാറണ്ടിൽ നിന്ന് രക്ഷപ്പെടാനായില്ല.
ഇത്തവണ എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2005ൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് പൊലീസ് അബൂബക്കറിനെ തേടി തരിശിലെ വീട്ടിലെത്തിയത്. അപരന് കൊടുക്കേണ്ട ആധാർ കാർഡുമായി പോസ്റ്റ്മാൻ എത്തിയതോടെയാണ് തന്റെ അതേ പേരും മേൽവിലാസവുമുള്ള ഒരാൾ തരിശിൽ തന്നെ താമസിക്കുന്ന വിവരം അബൂബക്കർ അറിയുന്നത്. മറ്റൊരു സ്ഥലത്തുനിന്നെത്തി കരുവാരകുണ്ടിൽ വിവാഹം ചെയ്തു താമസിക്കുന്ന ഇയാൾക്കെതിരെ വണ്ടിച്ചെക്ക്, അടിപിടി, മദ്യപിച്ചു ബഹളമുണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു കേസുകളുണ്ട്.
സമൻസും വാറന്റും ലഭിച്ചു പൊറുതിമുട്ടിയ അബൂബക്കറിന്റെ പരാതിയിൽ, അപരനായ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി തന്റെ പേരിൽ കേസുകൾ വരില്ലെന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അബൂബക്കറിനെ തേടി എടക്കര സ്റ്റേഷനിൽനിന്നു പൊലീസ് എത്തിയത്. കാര്യങ്ങൾ ബോധ്യപ്പെട്ട പൊലീസ് മറ്റേ അബൂബക്കറിനു വേണ്ടി വീണ്ടും അന്വേഷണം ആരംഭിച്ചു.