സര്‍വേ കണ്ട് അലംഭാവം വേണ്ട; അത് അഭിപ്രായ പ്രകടനം മാത്രമെന്ന് മുഖ്യമന്ത്രി 

പണം നല്‍കി വാര്‍ത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/എഎന്‍ഐ
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/എഎന്‍ഐ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പു രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ജനമ്മതിയില്‍ വിറളി പൂണ്ടവര്‍ കുപ്രചാരണം നടത്തുകയാണ്. ചെപ്പടി വിദ്യകൊണ്ട് ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പണം നല്‍കി വാര്‍ത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ബിജെപിയുടെ സഹായത്തോടെ നിയമസഭയില്‍ എത്താന്‍ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അവര്‍ വോട്ടുകച്ചടവടം നടത്തുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ഇപ്പോള്‍ സര്‍ക്കാരിനു മുന്നിലുള്ള വിഷയമല്ല. സത്യവാങ്മൂലം മാറ്റിനല്‍കുന്ന കാര്യമൊക്കെ കേസ് വരുമ്പോള്‍ ആലോചിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com