ആറ് കോടിയുടെ ഭാ​ഗ്യം കടം പറഞ്ഞ ടിക്കറ്റിന്; സ്മിജയുടെ സത്യസന്ധതയിൽ 'ചന്ദ്രന് ബംബർ'

ആറ് കോടിയുടെ ഭാ​ഗ്യം കടം പറഞ്ഞ ടിക്കറ്റിന്; സ്മിജയുടെ സത്യസന്ധതയിൽ 'ചന്ദ്രന് ബംബർ'
ചന്ദ്രൻ, സ്മിജ
ചന്ദ്രൻ, സ്മിജ

കൊച്ചി: സമ്മർ ബംബർ ഭാഗ്യക്കുറിയിലെ ആറ് കോടി രൂപയുടെ ഭാ​ഗ്യം കടാക്ഷിച്ചത് ആലുവ സ്വ​ദേശി പികെ ചന്ദ്രനെ. പണം പിന്നെ തരാമെന്ന് പറഞ്ഞ് മാറ്റിവപ്പിച്ച ടിക്കറ്റിനാണ് ബംബർ സമ്മാനം അടിച്ചത്. കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനാണ് കടം പറഞ്ഞ ടിക്കറ്റിൽ ഭാ​ഗ്യം കടാക്ഷിച്ച വ്യക്തി. ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ ചന്ദ്രൻ എടുത്ത എസ്ഡി 316142 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. 

പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രൻ ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്.

ഞായറാഴ്ച 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ അഭ്യർഥിച്ചു. 6142 എന്ന നമ്പർ മാറ്റി വെയ്ക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു. ഞായറാഴ്ച വൈകീട്ടോടെ താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു. 

തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറഞ്ഞു. 

കീഴ്മാട് ഡോൺ ബോസ്കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ. വർഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും തീരെ ചെറിയ സമ്മാനങ്ങളാണ് അടിച്ചിരുന്നത്. ഭാര്യ: ലീല. മക്കൾ: ചലിത, അഞ്ജിത, അഞ്ജിത്ത്.

മൂത്ത മകൾ ചലിതയുടെ ഭർത്താവിന്റെ വീടുപണി നടക്കുകയാണ്. അവരെ സാമ്പത്തികമായി സഹായിക്കണം. പിന്നെ രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബി ടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങൾക്കും പണം ചെലവഴിക്കും.

കുട്ടമശ്ശേരി എസ്.ബി.ഐ.യിലെത്തി ചന്ദ്രൻ ടിക്കറ്റ് കൈമാറി. കടം പറഞ്ഞ ലോട്ടറി കൈമാറി സത്യസന്ധത കാട്ടിയ കീഴ്മാട് സ്വദേശിനി കൂടിയായ സ്മിജയെ കെ.പി.എം.എസ്. ആദരിച്ചു. ഭർത്താവ് രാജേശ്വരനുമൊത്ത് പട്ടിമറ്റത്താണ് താമസം. ഇരുവരുമൊന്നിച്ചാണ് ലോട്ടറി കച്ചവടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com