കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹം; രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 09:34 PM  |  

Last Updated: 23rd March 2021 09:34 PM  |   A+A-   |  

rahul gandhi

ചിത്രം: കോണ്‍ഗ്രസ് ട്വിറ്റര്‍

 

പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെയൊരു ആഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും രാഹുല്‍ പറഞ്ഞു.ഒരുപാട് കഴിവും കാര്യശേഷിയുമുള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

കോട്ടയത്തെ പ്രചാരണ യോഗത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. സിപിഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി  നോക്കണമെന്നും രാഹുല്‍ പറഞ്ഞു.യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം തുടങ്ങിയ രാഹുല്‍ ഗാന്ധി പുതുപ്പുള്ളയില്‍ ഉമ്മന്‍ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുല്‍  റോഡ് ഷോ നടത്തി.