വര്‍ഗീയത പറഞ്ഞ് വോട്ട് തേടുന്നു ; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 11:45 AM  |  

Last Updated: 23rd March 2021 11:45 AM  |   A+A-   |  

sandeep

സന്ദീപ് വാചസ്പതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്

 

ആലപ്പുഴ: വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്കെതിരെയാണ് പരാതി. 
 
എസ്ഡിപിഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ എംഎം താഹിറാണ് സന്ദീപ് വാചസ്പതിക്കെതിരെ പരാതി നല്‍കിയത്. ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോഴാണ് സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയ സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി സന്ദീപ് വാചസ്പതിക്കെതിരെ കേസെടുക്കണമെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.