മലപ്പുറത്തും ഇടുക്കിയിലും യുഡിഎഫ് ; പാലക്കാടും തൃശൂരിലും ഇഞ്ചോടിഞ്ച് ; കടുത്ത പോരാട്ടം പ്രവചിച്ച് മനോരമ സര്‍വെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 09:54 AM  |  

Last Updated: 23rd March 2021 09:54 AM  |   A+A-   |  

ldf-udf-flag

പ്രതീകാത്മക ചിത്രം

 

കൊച്ചി : സംസ്ഥാനത്തെ നാലു ജില്ലകളില്‍ യുഡിഎഫിന് മുന്നേറ്റമെന്ന് പ്രവചനം. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യുഡിഎഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ടത്തിലാണ് യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നത്. 

കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന പലമണ്ഡലങ്ങളും അട്ടിമറിയിലൂടെ യുഡിഎഫ് നേടുമെന്നും  സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ പതിനഞ്ചും യുഡിഎഫിനെ തുണയ്ക്കും. നിലമ്പൂര്‍ അട്ടിമറിയിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 

കൊണ്ടോട്ടി, ഏറനാട്, വണ്ടൂര്‍, കോട്ടയ്ക്കല്‍, മണ്ഡലങ്ങല്‍ യുഡിഎഫിനൊപ്പം തുടരും. പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളും യുഡിഎഫിനെത്തന്നെ വരിക്കും. ലീഗ് ശക്തികേന്ദ്രമായ മഞ്ചേരിയില്‍ യുഡിഎഫ് കടുത്ത മല്‍സരമാണ് നേരിടുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടുവത്യാസം 3.9 മാത്രമാണ്.

തിരൂരും തിരൂരങ്ങാടിയിലും യുഡിഎഫിനാണ് മുന്‍തൂക്കം. അതേസമയം എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം 0.97 ശതമാനത്തിലേക്ക് ചുരുങ്ങിയതായി സര്‍വേ പറയുന്നു. തിരൂരങ്ങാടിയില്‍  2.9 ശതമാനം മാത്രമാണ് എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം. പൊന്നാനിയില്‍ 5.3 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയോടെ യുഡിഎഫ് അട്ടിമറിജയം നേടും. താനൂരും യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വെഫലം വ്യക്തമാക്കുന്നു. 

മലപ്പുറം ജില്ലയില്‍ തവനൂരില്‍ മാത്രമാകും എല്‍ഡിഎഫ് ആശ്വാസജയം നേടുകയെന്ന് സര്‍വെ പ്രവചിക്കുന്നു. പാലക്കാട് ജില്ലയിലെ പന്ത്രണ്ടില്‍ ഏഴിടത്ത് യുഡിഎഫിനും അഞ്ചിടത്ത് എല്‍ഡിഎഫിനും അഭിപ്രായസര്‍വെ ജയസാധ്യത കല്‍പ്പിക്കുന്നു. എംബി രാജേഷും വിടി ബല്‍റാമും ഏറ്റുമുട്ടുന്ന തൃത്താല, യുഡിഎഫ് നിലനിര്‍ത്തും. ഷൊര്‍ണൂരും കോങ്ങാടും യുഡിഎഫ് അട്ടിമറി വിജയം നേടും. പാലക്കാടും മണ്ണാര്‍ക്കാടും യുഡിഎഫ് നിലനിര്‍ത്തും. 

പട്ടാമ്പി, ഒറ്റപ്പാലം, മലമ്പുഴ, ചിറ്റൂര്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഇടതുമുന്നണി നേടും. തരൂരിലും നെന്മാറയിലും യുഡിഎഫ് അട്ടിമറി വിജയം കരസ്ഥമാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. തൃശൂര്‍ ജില്ലയില്‍ എട്ടു സീറ്റുകള്‍ എല്‍ഡിഎഫും അഞ്ചു സീറ്റുകള്‍ യുഡിഎഫും നേടുമെന്നാണ് പ്രവചനം. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് അട്ടിമറി ജയസാധ്യതയുണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. 

വടക്കാഞ്ചേരിയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഒല്ലൂര്‍ കടുത്ത മല്‍സരത്തിനൊടുവില്‍ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് അഭിപ്രായ സര്‍വെ പറയുന്നത്. തൃശൂര്‍, നാട്ടിക, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ ഇടതുമുന്നണി നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. മന്ത്രി എ സി മൊയ്തീന്‍, മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് കെ രാജന്‍ എന്നിവര്‍ പരാജയപ്പെടും എന്നതാണ് തൃശൂരിലെ സര്‍വേ ഫല പ്രവചനത്തിലെ പ്രത്യേകത. 

ഇടുക്കി ജില്ലയിലെ  അഞ്ചുമണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മേല്‍ക്കൈ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ദേവികുളത്തും  ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും യുഡിഎഫിന് അട്ടിമറി ജയസാധ്യതയുണ്ട്. തൊടുപുഴയില്‍ നേരിയ വ്യത്യാസത്തിന് യുഡിഎഫ് നേടും. എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം 0.07 ശതമാനം മാത്രമാണ്. ഇടുക്കി ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കും. പീരുമേട്ടില്‍ ഇടതുമേദാവിത്തം അട്ടിമറിയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി തോല്‍ക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.