പത്തനംതിട്ടയില്‍ എല്ലാ സീറ്റും ഇടതിന് ; നാലു ജില്ലകളില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 14 ; മനോരമ സര്‍വെ ഫലം

കളമശ്ശേരിയിലും തൃക്കാക്കരയിലും എല്‍ഡിഎഫ് അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സര്‍വെഫലം പ്രവചിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : സംസ്ഥാനത്ത് മധ്യകേരളത്തിലെ നാലു ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റമെന്ന് സര്‍വേ. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളില്‍ 22 ഇടങ്ങളില്‍ ഇടതുമുന്നണിക്കും 14 സീറ്റുകളില്‍ യുഡിഎഫിനും സാധ്യതയെന്നാണ് സര്‍വെഫലങ്ങള്‍. മനോരമ ന്യൂസ്- വിഎംആര്‍ അഭിപ്രായസര്‍വെയുടെ മൂന്നാംഘട്ടത്തിലാണ് ഇടതുമുന്നേറ്റം പ്രവചിക്കുന്നത്. 

ഒരു മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും വിജയിക്കാനാകില്ലെന്നും സര്‍വെ പറയുന്നു. എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് യുഡിഎഫും ആറിടത്ത് എല്‍ഡിഎഫും നേട്ടമുണ്ടാകുമെന്നാണ് സര്‍വെഫലം. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, പിറവം, കുന്നത്തുനാട്, കൊച്ചി മണ്ഡലങ്ങളിലാണ് യുഡിഎഫിന് മുന്‍തൂക്കമുള്ളത്. 

കളമശ്ശേരിയിലും തൃക്കാക്കരയിലും എല്‍ഡിഎഫ് അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സര്‍വെഫലം പ്രവചിക്കുന്നു.  വൈപ്പിന്‍, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ ഇടതുപക്ഷം നിലനിര്‍ത്തുമെന്നും സര്‍വേ ഫലം പറയുന്നു. ജില്ലയിലാകെ എല്‍.ഡി.എഫ്  43.42 ശതമാനവും യു.ഡി.എഫ് 42.01 ശതമാനവും എന്‍.ഡി.എ 11.59 ശതമാനവും മറ്റുള്ളവര്‍ 2.97 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 

കോട്ടയത്തെ ഒന്‍പത് സീറ്റുകളില്‍ ആറിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് മറ്റുള്ളവരും മുന്നിലെത്തും. കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന പാലായില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം. 0.57 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എല്‍ഡിഎഫിന് പ്രവചിക്കപ്പെടുന്നത്.  കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അട്ടിമറി നടത്തിയേക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. വൈക്കം, ഏറ്റുമാനൂര്‍ എന്നിവയും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. 

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പമുള്ളത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും എന്‍ഡിഎയെയും നിരാകരിച്ച 2016 ലെ ചരിത്രം പൂഞ്ഞാര്‍ മണ്ഡലം ഇക്കുറിയും ആവര്‍ത്തിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു.  ജില്ലയിലാകെ എല്‍ഡിഎഫിന് 44.64 ശതമാനവും യുഡിഎഫിന് 32.17 ഉം എന്‍ഡിഎയ്ക്ക് 17.70 ശതമാനവും മറ്റുള്ളവര്‍ 5.48 ശതമാനവും വോട്ടുവിഹിതം നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 

ആലപ്പുഴയിലെ ഒന്‍പതില്‍ അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും മുന്നിലെത്തും. അരൂര്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കും. ചേര്‍ത്തലയില്‍ ഇടതുമുന്നേറ്റത്തിന് യുഡിഎഫ് തടയിടുമെന്നും സര്‍വേ പ്രവചിക്കുന്നു. ആലപ്പുഴയിലും അട്ടിമറി പ്രവചിക്കുന്നുണ്ട്. കേവലം 3.16 ശതമാനം വോട്ടുകളുടെ മാത്രം വ്യത്യാസത്തില്‍ ആലപ്പുഴ യുഡിഎഫിനെ മുന്നിലെത്തിക്കുമെന്നാണ് പ്രവചനം. 

സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങള്‍ ഇടതിനൊപ്പമാണ്. അതേസമയം വമ്പന്‍ അട്ടിമറിയിലൂടെ കുട്ടനാട് യുഡിഎഫ് മുന്നിലെത്തുമെന്നും സര്‍വെ പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫിന് 42.2 ശതമാനവും യുഡിഎഫിന് 39.07 ശതമാനവും എന്‍ഡിഎയ്ക്ക് 16.45 ശതമാനവും മറ്റുള്ളവര്‍ക്ക് 1.28 ശതമാനവുമാണ് സര്‍വെ വോട്ടുവിഹിതം പ്രവചിച്ചിട്ടുള്ളത്. 

പത്തനംതിട്ടയില്‍ ഇടതുമുന്നണി സമ്പൂര്‍ണ ആധിപത്യം തുടരും. തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ മണ്ഡലങ്ങലില്‍ ഇടതുമുന്നേറ്റമാണ് സര്‍വെ പ്രവചിക്കുന്നത്.  അടൂര്‍ മണ്ഡലത്തില്‍ കടുത്ത പരീക്ഷണമാണ് ഇടതുമുന്നണി നേരിടുന്നത്. 4.5 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളത്. എല്‍ഡിഎഫിന് 45.81 ശതമാനം, യുഡിഎഫിന് 33.43 ശതമാനം , എന്‍ഡിഎ 20.57 ശതമാനം,  മറ്റുള്ളവര്‍ 0.19 ശതമാനം എന്നിങ്ങനെ വോട്ടുവിഹിതം നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com