കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാര്‍; വെളിപ്പെടുത്തലുമായി റെയില്‍വെ സൂപ്രണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 04:43 PM  |  

Last Updated: 24th March 2021 04:43 PM  |   A+A-   |  

abvp_050816060224

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ വെച്ച് മലയാളി ഉള്‍പ്പെട്ട കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട്. ഝാന്‍സി റെയില്‍വെ സൂപ്രണ്ട് ഖാന്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തകര്‍ ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. 

മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ആയിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് തിരുഹൃദയ  സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള  നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം

സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ടുപേര്‍ കൂടെ പോയത്. ജന്മനാ ക്രൈസ്തവ
വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമണത്തിന് തയ്യാറായെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍  കൂക്കിവിളിച്ച് ഒരു സംഘം പിന്തുടര്‍ന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് രാത്രി വൈകി മോചിപ്പിച്ചത്.