ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ചാണ്ടി ? : പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 11:24 AM  |  

Last Updated: 24th March 2021 11:30 AM  |   A+A-   |  

pinarayi

പിണറായി വിജയന്‍ /ഫയല്‍ ചിത്രം

 

തിരുവല്ല : അത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേമത്തു മല്‍സരിച്ച സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ള തന്നെ ചിലകാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ, അല്ലാതെ താന്‍ പറയുന്നതല്ല. നിങ്ങള്‍ ചെയ്യുന്ന കാര്യം നാട്ടുകാര്‍ മനസ്സിലാക്കുന്നുണ്ട്. എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്. നിങ്ങള്‍ ചെയ്യുന്നതില്‍ വലിയ കാപട്യം ഉണ്ടെങ്കില്‍ നാട്ടുകാര്‍ തിരിച്ചറിയുമെന്നത് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വര്‍ഗീയതയുമായി സന്ധി ചെയ്യാത്തതാണ് എന്നു പറയാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മൂന്നിടത്ത് ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് കാണാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ 30 -ാം വര്‍ഷമാണ്. ഇപ്പോഴും അതേ വഴിയിലാണ് കോണ്‍ഗ്രസും ലീഗും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വര്‍ഗീയവിരുദ്ധ സീപനം സ്വീകരിക്കുനന്വര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് വിട്ടുകൊണ്ട് സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവകരമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് കോണ്‍ഗ്രസിനാകുന്നില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നു എന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ വ്യക്തമാക്കുന്നു. 

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് എടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ മൂന്ന് എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അനുമതിയില്ലാതെയാണ് ബോണ്ട് ഇറക്കിയത്, ഫെമയുടെ ലംഘനമുണ്ട് എന്നൊക്കെയായിരുന്നു നേരത്തെ യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചിരുന്നത്. 

കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം, കിഫ്ബിക്കെതിരെയോ, ഇടതുസര്‍ക്കാരിനെതിരെയോ ഉള്ള നീക്കത്തിനപ്പുറമാണ്. യഥാര്‍ത്ഥ ഉദ്ദേശം നാട്ടില്‍ ഒരു വികസനവും നടപ്പാക്കരുതെന്നുള്ളതാണ്. ബജറ്റിന് പുറത്ത് വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് കിഫ്ബി പുനസംഘാടനം നടന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.