എന്‍എസ്എസിനെ വിരട്ടാമെന്ന് കരുതേണ്ട ; അങ്ങനെ ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 01:24 PM  |  

Last Updated: 24th March 2021 01:28 PM  |   A+A-   |  

sukumaran_nair

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍

 

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി എന്‍എസ്എസ്. എന്‍എസ്എസിനെ വിരട്ടാമെന്ന് കരുതേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ഉന്നയിച്ച ആവശ്യങ്ങളില്‍ രാഷ്ട്രീയമില്ല. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

എന്‍എസ്എസ് സര്‍ക്കാരിനോട് രാഷ്ട്രീയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നടപടി എടുക്കണം, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം സംവരണം കേരളത്തിലും നടപ്പാക്കണം. മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച് നെഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന് കീഴിലാക്കണം എന്നീ ആവശ്യങ്ങളാണ് എന്‍എസ്എസ് മുന്നോട്ടുവെച്ചത്. 

ഈ മൂന്ന് ആവശ്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇക്കാര്യങ്ങളില്‍ പൊതുസമൂഹത്തിന് ഇടയില്‍ സംശയത്തിന് ഇടയില്ല. രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂര നിലപാടില്‍ തന്നെയാണെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നേതൃത്വത്തിനെതിരെ പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയമുണ്ട്. അത്തരത്തില്‍ നാട്ടില്‍ പ്രതികരണമുണ്ട്. ഇക്കാര്യം സുകുമാരന്‍നായരും മനസ്സിലാക്കുന്നതാണ് നല്ലത്. തനിക്ക് എന്‍എസ്എസിനോട് പ്രശ്‌നമൊന്നുമില്ല. സര്‍ക്കാരിനും എന്‍എസ്എസിനോട് പ്രശ്‌നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.