തലശ്ശേരിയില്‍ വോട്ട് ആര്‍ക്ക് ?; തല പുകച്ച് ബിജെപി നേതൃത്വം ; തീരുമാനം ഇന്നുണ്ടായേക്കും

തലശ്ശേരിയില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം ബിജെപി നേതൃത്വത്തിന് വന്‍ തലവേദനയായി മാറിയിരിക്കുകയാണ്
ബിജെപി പതാക /ഫയല്‍ ചിത്രം
ബിജെപി പതാക /ഫയല്‍ ചിത്രം

കണ്ണൂര്‍ : സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ആരെ പിന്തണയ്ക്കണം എന്നതില്‍ ബിജെപി തീരുമാനം ഇന്ന് ഉണ്ടായേക്കും. ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാനാണ് സാധ്യത. സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേരത്തേ തന്നെ എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നതാണ്. പാര്‍ട്ടി നിലവില്‍ എന്‍ഡിഎയുടെ ഭാഗമല്ലാത്തതിനാല്‍ എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചേ പിന്തുണ നല്‍കാനാകൂ.

തലശ്ശേരിയില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം ബിജെപി നേതൃത്വത്തിന് വന്‍ തലവേദനയായി മാറിയിരിക്കുകയാണ്. ആരെ പിന്തുണയ്ക്കണം, വോട്ട് ആര്‍ക്കു ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്ന് ജില്ലാ നേതൃത്വം പറയുമ്പോഴും തീരുമാനത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു മുന്നണിക്കു വോട്ടു ചെയ്യാന്‍ രഹസ്യമായോ പരസ്യമായോ നിര്‍ദേശിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ആര്‍ക്കും വോട്ടു ചെയ്യരുതെന്നും നിര്‍ദേശിക്കാനും സാധ്യമല്ലാത്ത സ്ഥിതിയാണ്.

തലശ്ശേരിയില്‍ ബിജെപിക്ക് ഇരുപതിനായിരത്തിലേറെ വോട്ടുണ്ട്. നഗരസഭയില്‍ 7 അംഗങ്ങളുണ്ട്. 10 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. തലശ്ശേരിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പുറമേ വെല്‍ഫെയര്‍ പാര്‍ട്ടിക്കാണ് സ്ഥാനാര്‍ത്ഥിയുള്ളത്. ആശയപരമായ കാരണങ്ങളാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപിക്കു കഴിയില്ല. സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം സി ഒ ടി നസീര്‍ സ്വതന്ത്രനായി മല്‍സരരംഗത്തുണ്ട്. 

അക്രമരാഷ്ട്രീയത്തിനെതിരെ ആരു പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നും അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ ബിജെപിയും തയാറാകണമെന്നാണ് നസീറിന്റെ നിലപാട്. ബാക്കിയുള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി എം പി അരവിന്ദാക്ഷന്റെ അപരന്‍ അരവിന്ദാക്ഷനും ബിജെപി സ്ഥാനാര്‍ഥിയാകാനിരുന്ന എന്‍ ഹരിദാസിന്റെ അപരന്‍ ഹരിദാസനുമാണ്. ഇവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. സിപിഎം വിമതന്‍ നസീറിനെ പിന്തുണയ്ക്കുന്നതിന് പ്രവര്‍ത്തകര്‍ എതിരാണെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കാനാണ് ബിജെപിയുടെ ആലോചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com