എന്തുകൊണ്ട് മന്ത്രിയായില്ല? പിടി തോമസ് അഭിമുഖം
By പിടി തോമസ്/ദീപ വി | Published: 25th March 2021 04:42 PM |
Last Updated: 23rd December 2021 11:06 AM | A+A A- |

പിടി തോമസ് പ്രചാരണത്തിനിടെ/ഫെയ്‌സ്ബുക്ക്
നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ പിടി തോമസുമായി നടത്തിയ അഭിമുഖം
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസ്. ട്വന്റി 20 ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഉണ്ടായിരുന്നില്ല. പിന്നെ മുഖ്യമന്ത്രി നിര്‍ബന്ധിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ ഇപ്പോള്‍ യുഡിഎഫിന് 9 എംഎല്‍എമാരുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ അത് പതിമൂന്നോ പതിനാലോ ആവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നോ നാലോ സീറ്റിലാണ് ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ സിപിഎം അജന്‍ഡയാണുള്ളതെന്ന് പിടി തോമസ് പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ വെല്ലുവിളിയായോ?
യഥാര്‍ത്ഥത്തില്‍ ആരോഗ്യപരമായ മത്സരമെന്ന രീതിയിലായിരുന്നു പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഒരു കാലത്ത് നിലനിന്നിരുന്നത്. പക്ഷേ, ഇന്ന് ഒരു പരിധിവരെ അത് സംഘടനയ്ക്ക് ദോഷം വരുത്തുന്നുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ നിന്നാല്‍ മാത്രമെ സംരക്ഷണം കിട്ടൂ എന്ന രീതിയില്‍ ഗ്രൂപ്പിസം മാറി. പല നല്ല ആളുകളും മാറിപ്പോകേണ്ടതായി വന്നിട്ടുണ്ട്. ഞാനടക്കമുള്ള എല്ലാ നേതാക്കളും പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടി കഴിഞ്ഞേ ഗ്രൂപ്പ് ഉള്ളൂ എന്ന മനോഭാവം ഉള്‍ക്കൊള്ളേണ്ടതാണ്. ഗ്രൂപ്പാണ് ഒന്നാമത്, രണ്ടാമതേ പാര്‍ട്ടിയുള്ളൂ എന്ന നിലപാട് ശരിയല്ല.
എല്ലാവരും ഇങ്ങനെ പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ അത് നേതാക്കള്‍ ഉള്‍ക്കൊള്ളാറുണ്ടോ?
കഴിഞ്ഞ തവണത്തേതിനേക്കാള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. നൂറു ശതമാനം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ല സ്ഥാനാര്‍ത്ഥികളെ ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സിറ്റിങ്ങ് എം.എല്‍.എമാര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിശ്ചയിച്ചു. അത് സ്വാഭാവികമായും നടന്ന കാര്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ മികച്ചതായിരുന്നു ഇത്തവണത്തെ സെലക്ഷന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതിന്റെ റിസല്‍റ്റും കിട്ടി. അതിന് തുല്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇത്തവണ നടന്നത്.
ലതിക സുഭാഷിന്റെ സംഭവം ഒഴിവാക്കാമായിരുന്നില്ലേ?
തുടക്കത്തില്‍, ലതികയ്ക് സീറ്റ് കിട്ടണമെന്ന് ആഗ്രഹിച്ചയാളാണ് ഞാന്‍. പക്ഷേ, ഞാന്‍ സംസാരിച്ചപ്പോള്‍ ലതിക എന്നോട് പറഞ്ഞത് ഏറ്റുമാനൂര്‍ ഒഴിച്ച് ഒരു സീറ്റിലും മത്സരിക്കില്ല എന്നാണ്. ഒരു മുന്നണി സംവിധാനത്തില്‍ ഏറ്റുമാനൂര്‍ ഘടകകക്ഷിക്ക് വിട്ടുകൊടുത്തപ്പോള്‍ മറ്റൊരു സീറ്റ് കൊടുക്കാനേ നിര്‍വാഹമുള്ളു. മറ്റു നേതാക്കളോട് ഈ ആവശ്യം ലതിക മുന്നോട്ടുവച്ചു. പക്ഷേ, ഒടുവില്‍ വൈപ്പിനിലോ മറ്റോ മത്സരിക്കാന്‍ തയ്യാറെന്ന് പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ അവിടവും കഴിഞ്ഞുപോയി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ലതികയുടെ പ്രതിഷേധം അതിരുവിട്ടുപോയി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം എന്റെ സ്വന്തം അനുഭവം പറയാം. 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ചുനിന്ന ആളാണ് ഞാന്‍. യു.പി.എ ഗവണ്‍മെന്റ് പാസ്സാക്കിയ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ചു എന്ന പേരില്‍ എനിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. അന്ന് ഇടുക്കിയില്‍ നിന്നാല്‍ ജയിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, അന്ന് ഞാന്‍ പാര്‍ട്ടിക്ക് എതിരായി ഒറ്റ വാക്ക് മിണ്ടിയില്ല. ഞാന്‍ ആകെ ആവശ്യപ്പെട്ട കാര്യം ഇടുക്കി ഒഴികെയുള്ള ഒരു ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല തരണമെന്നായിരുന്നു. കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല ഏറ്റെടുത്ത് പോവുകയും ചെയ്തു. ഞാന്‍ ആള്‍ക്കാരെക്കൂട്ടി പ്രതിഷേധിച്ചില്ല. ലതികയ്ക്ക് വേണമെങ്കില്‍ പ്രതിഷേധിക്കാം. പക്ഷേ, മുടി മുറിച്ച് പ്രതിഷേധിച്ചപ്പോള്‍ അത് മറ്റൊരു തലത്തിലേക്ക് പോയി. ആ പ്രവൃത്തി മൊത്തമുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചു. ആ നിലയ്ക്ക് ലതികയ്ക്ക് അത് ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ലതിക സുഭാഷിന്റെ കാര്യം ഒറ്റപ്പെട്ടതല്ലല്ലോ. മൊത്തത്തില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാര്യമായ പരിഗണന കോണ്‍ഗ്രസ് കൊടുത്തില്ല എന്നു തോന്നും വിധമാണല്ലൊ പല സ്ത്രീകളായ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങള്‍. ഉദാഹരണം ബിന്ദു കൃഷ്ണ, റോസക്കുട്ടി...
ലതിക സുഭാഷിനെ പാര്‍ട്ടി തീരെ പരിഗണിച്ചിട്ടില്ലെന്നു പറയുന്നത് ശരിയല്ല. വി.എസ്സിനെതിരെ മലമ്പുഴയില്‍ സീറ്റ് കൊടുത്തു, ഒന്നോ രണ്ടോ പ്രാവശ്യം പഞ്ചായത്തില്‍ മത്സരിച്ച് പ്രസിഡന്റായിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് പ്രസിഡന്റായി. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയില്‍ പലരും സ്ത്രീകള്‍ക്കുവേണ്ടി മാറിക്കൊടുക്കാന്‍ തയ്യാറാവുന്നില്ല എന്നൊരു വിഷയമുണ്ട്. എങ്കില്‍പോലും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ നല്ല നിലയില്‍ സ്ത്രീപ്രാതിനിധ്യം ഉണ്ട്. സ്ത്രീകള്‍ക്കുവേണ്ടി പതിനഞ്ച് ശതമാനം സീറ്റ് മാറ്റിവയ്ക്കണം. പക്ഷേ, പലപ്പോഴും സ്ത്രീകള്‍ക്ക് കുറച്ചുകൂടി പരിഗണന കൊടുക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ഇവിടെ ഉണ്ട്. പരിഗണിക്കണം എന്നു പറയുന്ന മിക്ക വനിതകളും പൊരുതാന്‍ തയ്യാറായി മുന്നോട്ടു വരുന്നില്ല. അതിനൊരു ഉദാഹരണമാണല്ലോ ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പില്‍ ഏതു സീറ്റിലായാലും പൊരുതുകയും അവിടെ പോയി നിരന്തരമായി നില്‍ക്കുകയും ചെയ്താല്‍ മാത്രമെ ജയിക്കാന്‍ കഴിയുകയുള്ളു.
ഈ മാനദണ്ഡം പല മുന്‍നിര നേതാക്കള്‍ക്കും ബാധകമല്ലേ? പലരും അവരുടെ സുരക്ഷിത മേഖല വിട്ട് മത്സരിക്കാന്‍ തയ്യാറല്ലല്ലോ?
കുറെ നാളുകളായി സ്ത്രീകള്‍ പിന്നോക്കം പോയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പെട്ടെന്നൊരു സീറ്റ് ഒരു വനിതയ്ക്കു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന എതിര്‍പ്പ് മറികടന്ന് ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാവണം. അതുകൊണ്ട് അസാധ്യമായ സീറ്റുകളില്‍ പോയി മത്സരിക്കാന്‍ വനിതകളായാലും പുരുഷന്മാരായാലും നിരന്തരമായി തയ്യാറായാല്‍ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റംവരും.
ആദ്യമായി ട്വന്റി20 സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കുന്നു. ഇത് താങ്കളുടെ വോട്ടുവിഹിതത്തെ ബാധിക്കുമോ?
അത്തരമൊരു നീക്കത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം. കാരണം ട്വന്റി20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നു. മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം, കോണ്‍ഗ്രസ്സിന്റെ കുറച്ച് വോട്ടു മാറ്റാന്‍കഴിയുമോ എന്നൊരു ആലോചന ഇതില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന ജില്ലയാണ് എറണാകുളം. ഇപ്പോള്‍ ഒമ്പതു സീറ്റാണുള്ളത്. അത് പതിമൂന്നോ പതിനാലോ ആവാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നു നാലു സീറ്റുകളിലാണ് ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ സി.പി.എം അജണ്ടയുണ്ട്.
അതു താങ്കളുടെ വോട്ട് വിഹിതത്തെ പ്രതികൂലമായി ബാധിക്കുമോ?
എനിക്ക് അങ്ങനെ തോന്നുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ കമ്പനി. അവരെല്ലാം ജനങ്ങള്‍ക്കു കൊടുത്തു ജോലി, റോഡ്, ആശുപത്രി തുടങ്ങിയവ. പക്ഷേ, ഗാന്ധിജി അവര്‍ക്കെതിരെ തിരിഞ്ഞത് അടിമക്കൂട്ടങ്ങളെ ഉണ്ടാക്കുന്ന പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്. ഒരു സ്ഥാപനത്തിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവര്‍ക്കും ചാരിറ്റി പ്രവര്‍ത്തനത്തിനും സാധാരണക്കാര്‍ക്കും ചെലവഴിക്കണമെന്ന നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിങ്ങ് ഗവണ്‍മെന്റാണ്. അതിന്റെ പിന്‍ബലത്തിലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്. പക്ഷേ, നിങ്ങളുടെയോ എന്റെയോ ജനാധിപത്യ ബോധത്തെ സാമ്പത്തിക സ്വാധീനംകൊണ്ട് നേടാമെന്നത് വെല്ലുവിളിക്കേണ്ടതുതന്നെയാണ്.
ജൈവകൃഷിയെപ്പറ്റി വാതോരാതെ സംസാരിക്കുകയും ജൈവകൃഷിയുടെ വക്താവായി മാറിയ നടന്‍ ശ്രീനിവാസനെ പോലുള്ളവര്‍ വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്ന കമ്പനിയുടെ ഭാഗമാകുകയും അതിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നതും എനിക്ക് അത്ഭുതം തോന്നുന്നു. നാളെ അദാനി എന്ന മുതലാളി കേരളത്തില്‍ 140 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക, 15-20 കോടി രൂപ കൊടുക്കുക, ഓരോ വോട്ടര്‍ക്കും കിറ്റ് കൊടുക്കുക, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ജയിച്ച് അദാനിയുടെ നോമിനി കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന ജനാധിപത്യ വിരുദ്ധ രൂപത്തിന്റെ ചെറിയ ഒരു പതിപ്പാണ് ഇവിടെ നടക്കുന്നത്.
ഞാന്‍ നിയമസഭയുടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി മെമ്പര്‍ ആണ്. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയഭരണസ്ഥാപനത്തിന്റെ പണവിനിയോഗം പരിശോധിക്കുന്ന കമ്മിറ്റിയാണ് അത്. ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച്, എറണാകുളം ജില്ലയില്‍ എണ്‍പതിനടുത്തുവരുന്ന പഞ്ചായത്തില്‍ ഫണ്ട് ചെലവഴിച്ചതില്‍ അന്‍പത്തിരണ്ടാം റാങ്കാണ് ഇവരുടെ പഞ്ചായത്തിന്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു കൊടുത്ത വാഗ്ദാനങ്ങള്‍ ഏതെങ്കിലും പാലിക്കപ്പെടാതെ പോയിട്ടുണ്ടോ?
പല വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ പറ്റാതെ പോയി, കാരണം സര്‍ക്കാര്‍ അത്തരത്തില്‍ ഒരു പിന്തുണ തന്നിട്ടില്ല. പ്രതിപക്ഷ എം.എല്‍.എയുടെ പരിമിതി ഉള്ളതുകൊണ്ട് ഉദ്ദേശിച്ച പല കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിച്ചില്ല. ഉദാഹരണത്തിന് മാലിന്യത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുക്കണമെന്നുണ്ടായിരുന്നു. തമ്മനം-പുല്ലേപ്പടി റോഡ് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, പണി പൂര്‍ത്തീകരിച്ചില്ല, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് പൂര്‍ത്തിയാക്കണമായിരുന്നു, പാലാരിവട്ടം ഇന്‍ഫോ പാര്‍ക്ക് മെട്രോ റെയില്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതുകൊണ്ട് തുടങ്ങിയില്ല, അതുപോലെ വൈറ്റില - ഇന്‍ഫോ പാര്‍ക്ക് വാട്ടര്‍ മെട്രോ. ഇതിനൊക്കെ സര്‍ക്കാരിന്റെ അഭാവം ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ താങ്കള്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പറ്റാതെപോയെന്നാരു തോന്നലുണ്ടോ?
ഒരിക്കലുമില്ല. അതെല്ലാം നൂറു ശതമാനം ശരിയാണ്. ഒന്ന്: ഞാന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം അവരുടെ കമ്പനിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. രണ്ട്: ആലുവയിലുള്ള ഒരു പ്രമുഖ കമ്പനിയില്‍നിന്നും വലിയൊരു തുക മകളുടെ കമ്പനിയില്‍ ചെന്നതായി തെളിഞ്ഞു. മൂന്ന്: ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പി.ഡബ്ല്യു.സി എന്ന കണ്‍സള്‍ട്ടിങ്ങ് കമ്പനിയുടെ ഡയറക്റ്റര്‍ ജെയ്ക് ബാലകുമാര്‍ മകള്‍ മാത്രമുള്ള ഏകാംഗ കമ്പനിയുടെ മെന്റര്‍ ആയിട്ട് പ്രവര്‍ത്തിക്കുകയാണ്. അദാനി വന്ന് നമ്മുടെ ഒരു റേഷന്‍ കടയുടെ മാനേജര്‍ ആകുന്നപോലെയാണ്. എന്ത് സ്വാധീനത്തിന്റെ പേരിലായിരിക്കും? ഇത് തെളിയിക്കണമെങ്കില്‍ കേരള പൊലീസ്/ െ്രെകംബ്രാഞ്ച്/സെന്റര്‍ അന്വേഷിക്കണം. ചേട്ടന്‍ ബാവ അനിയന്‍ ബാവ എന്ന മട്ടില്‍ കേന്ദ്രവും കേരളവുമായിട്ട് ധാരണയാണ്. പിന്നെ പിണറായി അന്വേഷണത്തിന് ഉത്തരവിട്ടില്ലല്ലൊ. അല്ലെങ്കില്‍ കോടതി ഇടപെടണം. ഈ കാര്യത്തിലൊക്കെ സര്‍ക്കാരിന്റെ വലിയ ഇടപെടലാണ്. ഇന്നല്ലെങ്കില്‍ നാളെ തെളിയും എന്തുകൊണ്ടാണ് ആ വെബ്‌സൈറ്റ് തിരിച്ചുവരുന്നില്ല?
പാലാരിവട്ടം പാലം അഴിമതി, താങ്കളുമായി ബന്ധപ്പെട്ട ഇന്‍കം ടാക്‌സ് റെയ്ഡ് ഇവയൊക്കെ ഈ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമൊ?
എനിക്കെതിരെ ഒരു കേസും ഇല്ല. നോമിനേഷന്‍ ഫയല്‍ ചെയ്തപ്പോള്‍ എന്റെ പേരില്‍ കൊറോണ കാലത്ത് സമരം ചെയ്തു എന്ന ഒന്‍പത് കേസ് മാത്രമേയുള്ളു. ഞാന്‍ ഗുരുതരമായ എന്തെങ്കിലും കുറ്റം ചെയ്താല്‍ കേന്ദ്ര ഏജന്‍സി അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എനിക്കെതിരെ കേസ് എടുക്കണ്ടേ? ഒരു കുടുംബത്തെ സഹായിച്ചതുകൊണ്ട് എന്നെ മോശപ്പെടുത്താന്‍ അവര്‍ കണ്ടെത്തിയ സൂത്രമാണ്. ഞാന്‍ എം.എല്‍.എ ആകുന്നതിനു മുന്‍പ് പണിത പാലമാണ് പാലാരിവട്ടം പാലം. ഒരു പാലത്തിന് ബലമുണ്ടോ എന്ന് പരിശോധിക്കുന്ന മാര്‍ഗ്ഗം ലോഡ് ടെസ്റ്റാണ്. പുതിയ പാലത്തിന് അത് നടത്തി. എന്തുകൊണ്ട് പഴയ പാലത്തിന് നടത്തിയില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടും ചെയ്തില്ല. പാലാരിവട്ടം പാലത്തിന്റെ എഴുപത്തിനാല് ശതമാനം പണിതത് യു.ഡി.എഫ് സര്‍ക്കാരാണ്. 26 ശതമാനം എല്‍.ഡി.എഫും. ഒരു പാലം ഗതാഗതയോഗ്യമാണെന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് പി.ഡബ്ല്യു.ഡിയാണ്. ആ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ഉമ്മന്‍ചാണ്ടിയോ ഇബ്രാഹിംകുഞ്ഞോ അല്ല. എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതുകൊണ്ട് ഈ പാലത്തിന് കുഴപ്പം ഉണ്ടെങ്കില്‍ എഴുപത്തിനാല് ശതമാനം ഉത്തരവാദിത്തം യു.ഡി.എഫിനും. 26 ശതമാനം എല്‍.ഡി.എഫിനുമാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ, എന്നിവ പാലത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചു. തുടക്കത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഒന്നര വര്‍ഷം സര്‍ക്കാര്‍ അത് നീട്ടിക്കൊണ്ടുപോയി.
ഇ. ശ്രീധരന്‍ പോലും പാലം മൊത്തം പൊളിക്കണമെന്ന് പറഞ്ഞിരുന്നില്ല. സി.പി.എം ഉരാളുങ്കല്‍ സൊസൈറ്റിയുമായി ഒരു അന്തര്‍ധാരയുണ്ട്. അതും ഇതിന്റെ ഭാഗമാണ്. കിറ്റ്‌കോ എന്ന സ്ഥാപനം പിടിച്ചെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് കൂട്ടി വായിക്കണം. ഈ വിഷയം നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ചതും ഞാനാണ്. ഇതൊരു പഞ്ചവടി പാലമാണെന്നും യു.ഡി.എഫിന്റെ അഴിമതിയുടെ പ്രതീകമാണെന്നും വരുത്തിതീര്‍ക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചു.
താങ്കള്‍ വളരെ ചെറുപ്പത്തിലെ രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണ്. അങ്ങയെക്കാള്‍ ചെറുപ്പക്കാരായവര്‍ മന്ത്രിമാരുമായി. എന്തുകൊണ്ട് ഒരു മന്ത്രിസ്ഥാനം വിദൂരമായി പോകുന്നു?
രാഷ്ട്രീയത്തില്‍ ഇതൊക്കെയൊരു സാദ്ധ്യതയുടെ കലയാണ്. എന്റെ ജൂനിയറായ ഒത്തിരിപ്പേര്‍ എ.ഐ.സി.സിയിലേക്കും അതിനു മുകളിലേക്കും പോയിട്ടുണ്ട്. അതില്‍ എനിക്ക് പരിഭവുമില്ല. എന്റെ ഒപ്പം ഉണ്ടായിരുന്ന പലര്‍ക്കും ഡി.സി.സി പ്രസിഡന്റ് പോലും ആകാനായില്ല. പലര്‍ക്കും പഞ്ചായത്തില്‍പോലും മത്സരിക്കാനായില്ല.