മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും: കൊച്ചിയില്‍ വ്യാപക നാശനഷ്ടം; മരങ്ങള്‍ ട്രാക്കില്‍ വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 07:42 PM  |  

Last Updated: 25th March 2021 07:42 PM  |   A+A-   |  

kochi rain

ചിത്രം: എ സനേഷ്/എക്‌സ്പ്രസ്‌

 

കൊച്ചി: മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും. എറണാകുളം ജില്ലയില്‍ കനത്ത നാശനഷ്ടം. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ട്രാക്കില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, കോഴിക്കോട്-തിരുവനന്തപുരംജനശതാബ്ദി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള, പാലക്കാട്-തിരുനെല്‍വേലി പാലരുവി, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു.

എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയിലും തുറവൂര്‍-ചേര്‍ത്തല സെക്ഷനിലും ആലുവയിലുമാണ് കാറ്റില്‍ മരങ്ങള്‍ ട്രാക്കിലേക്ക് വീണത്. കനത്ത മഴയിലും കാറ്റിലും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നു പോയി.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മരം കടപുഴകി വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരത്തിനടിയില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. മേയ്ക്കലാടി ലക്ഷംവീട് കോളനിയില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

കാറ്റിലും മഴയിലും നേരിട്ട നാശനഷ്ടം തിട്ടപ്പെടുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല നല്‍കിയതായി അദ്ദേഹം അറിയിച്ചു.